Trending

ആഞ്ഞടിച്ച് 'അര്‍ണബ്'; ആന്ധ്രയിലും ഒഡിഷയിലും കനത്ത മഴ, ട്രെയിന്‍-വിമാന സര്‍വീസുകള്‍ റദ്ദാക്കി

വിശാഖപട്ടണം: ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട അര്‍ണബ് ചുഴലിക്കാറ്റ് കരതൊട്ടു. ആന്ധ്രാപ്രദേശിലെ ബാപട്ലക്കും വിശാഖപട്ടണത്തിനും ഇടയില്‍ യാനം തീരത്താണ് ഇന്ന് രാവിലെയോടെ കാറ്റ് തീരത്ത് കയറിയത്. മൂന്ന് മണിക്കൂറോളം തീരപതനം നീളുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ആന്ധ്ര, ഒഡിഷ സംസ്ഥാനങ്ങളിലെ തീരമേഖലയില്‍ കനത്ത മഴയാണ് അനുഭവപ്പെടുന്നത്. ബംഗ്ലാദേശാണ് ചുഴലിക്കാറ്റിന് 'അര്‍ണബ്' എന്ന പേര് നിര്‍ദേശിച്ചത്. ബംഗാളിയില്‍ സമുദ്രം എന്നാണ് ഇതിന്റെ അര്‍ഥം.

പലയിടങ്ങളിലും കാറ്റില്‍ മരങ്ങള്‍ ഒടിഞ്ഞുവീണു. നാശനഷ്ടങ്ങളുടെ കൃത്യമായ വിവരങ്ങള്‍ ഇപ്പോള്‍ ലഭ്യമല്ല. താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളപ്പൊക്കത്തിനും നാശനഷ്ടങ്ങള്‍ക്കും സാധ്യതയുള്ളതിനാല്‍ അധികൃതര്‍ അതീവ ജാഗ്രതയിലാണ്. അപകടസാധ്യതയുള്ള പ്രദേശങ്ങളില്‍നിന്ന് ജനങ്ങളെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്ന നടപടികള്‍ ആരംഭിച്ചിരുന്നു. ആന്ധ്രയിൽ 84,396 പേരെ 290 ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി. ട്രെയിനുകളും വിമാനങ്ങളും ഉള്‍പ്പെടെ റദ്ദാക്കിയിട്ടുണ്ട്. സ്‌കൂളുകള്‍ക്ക് രണ്ട് ദിവസത്തേക്ക് അവധി നല്‍കി.

ഇരു സംസ്ഥാനങ്ങളിലെയും തീരജില്ലകളില്‍ ദേശീയ, സംസ്ഥാന ദുരന്തനിവാരണ സേനകളെ വിന്യസിച്ചിട്ടുണ്ട്. ആന്ധ്രപ്രദേശില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ 27 കോടി രൂപ അനുവദിച്ചു. ഒഡിഷയിലെ 16 ജില്ലകളില്‍ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിക്കുകയും തീരദേശ മേഖലകളില്‍നിന്ന് ജനങ്ങളെ മാറ്റിപ്പാര്‍പ്പിക്കുന്ന നടപടികള്‍ ശക്തമാക്കുകയും ചെയ്തു. എല്ലാ മത്സ്യബന്ധന ബോട്ടുകളും കാറ്റിന് മുന്‍പേ തിരികെയെത്തിയിരുന്നു.

ദുരന്തനിവാരണ സേനയ്ക്കു പുറമേ സൈന്യം, നാവികസേന, വ്യോമസേന, തീരസംരക്ഷണ സേന എന്നിവയെയും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ട്രെയിന്‍ സര്‍വീസുകളും ആന്ധ്രയിലെ മൂന്ന് വിമാനത്താവളങ്ങളില്‍ നിന്ന് വിമാന സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. കിഴക്കന്‍ യുപി, ബിഹാര്‍ എന്നിവിടങ്ങളിലും കനത്ത മഴ മുന്നറിയിപ്പുണ്ട്. ബംഗാളിലും വിവിധയിടങ്ങളില്‍ ശക്തമായ മഴ തുടരുകയാണ്.

ആന്ധ്രയിലും ഒഡിഷയിലും മുഖ്യമന്ത്രിമാരുടെ അധ്യക്ഷതയില്‍ യോഗങ്ങള്‍ ചേര്‍ന്നു. ജില്ലാതല കണ്‍ട്രോള്‍ റൂമുകള്‍ തുറന്നിട്ടുണ്ട്. വിനോദ സഞ്ചാരത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.




T News

working in the field of advertising and printing

Post a Comment

Previous Post Next Post