കൊച്ചി: ഹൈക്കോടതിയിലെ സർക്കാർ അഭിഭാഷകനായി നിയമനം ലഭിച്ച ഡി.എസ് ശരത്തിന്റെ ആർഎസ്എസ് ബന്ധം സ്ഥിരീകരിച്ച് മുൻ കെഎസ്‌യു നേതാവ്. ഡി.എസ് ശരത്ത് എബിവിപി നേതാവായിരുന്നുവെന്ന് കെഎസ്‌യു തൃശൂർ ലോ കോളേജ് യൂണിറ്റ് മുൻ പ്രസിഡൻ്റ് ഇർഷാദ്. സമരം ചെയ്ത് ജയിലിൽ കഴിഞ്ഞ കെഎസ്‌യുക്കാരെ അവഗണിച്ചെന്നും ഇർഷാദ് പറയുന്നു. നിയമനത്തിനെതിരെ രാഹുൽഗാന്ധിക്കും മുഖ്യമന്ത്രിക്കും ഇർഷാദ് പരാതിയയച്ചു.
ഡി.എസ് ശരത് തൃശൂർ ലോ കോളേജിന് പുറത്ത് ആർഎസ്എസ്, ബിജെപി സംഘത്തോടൊപ്പമായിരുന്നു താമസിച്ചിരുന്നത്. കൂടാതെ ആർഎസ്എസ് പ്രവർത്തകർ പ്രതികളായ വധശ്രമക്കേസിൽ ഉൾപ്പെടെ ശരത് ഹാജരായിട്ടുണ്ടെന്നും ഇർഷാദ് പറഞ്ഞു. സീനിയർ പ്ലീഡറായി നിയമവകുപ്പ് നിയമനം നൽകിയതിന് പിന്നാലെയാണ് ഇർഷാദ് ഇത്തരമൊരു പ്രതികരണം നടത്തിയിരിക്കുന്നത്.
പ്ലീഡർ നിയമനം വലിയ വിവാദമാകുന്നതിനിടെയാണ് ആർഎസ്എസ് പ്രവർത്തകനെ നിയമിച്ച് ഉത്തരവിറങ്ങിയത്. സർക്കാർ നിയമനങ്ങളിൽ പാർട്ടി പ്രവർത്തകരെ പരിഗണിക്കുന്നില്ലെന്ന ആരോപിച്ച് കെഎസ്‌യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു.