ആവശ്യത്തിന് അറവ് മാടുകളെ ലഭിക്കാത്തതിനാൽ പ്രതിസന്ധിയിലായെന്ന് ഇറച്ചിക്കച്ചവടക്കാർ. തോലിനും എല്ലിനും വിലത്തകര്‍ച്ച നേരിടുകകൂടി ചെയ്തതോടെ കടക്കെണിയിലായെന്നും ഓള് കേരള മീറ്റ് മര്‍ച്ചന്റ്സ് അസോസിയേഷന് ഭാരവാഹികൾ പ്രസ്താവനയിൽ പറഞ്ഞു.
തമിഴ്നാട്, കർണാടക, തെലുങ്കാന തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നാണ് ജില്ലയിലെ മഞ്ചേരി, എടക്കര, ചേളാരി, ചട്ടിപ്പറമ്പ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ചന്തകള്‍ വഴി അറവുമാടുകളെ വാങ്ങുന്നത്. നല്ലയിനം അറവുമാടുകൾക്ക് കിലോക്ക് 360 മുതല്‍ 380 രൂപ വരെ കണക്കാക്കി മതിപ്പ് വില നിശ്ചയിച്ചാണ് വാങ്ങുന്നത്. ഇവയെ കശാപ്പ് ചെയ്ത് വില്ക്കുമ്പോൾ ഇറച്ചിക്ക് പരമാവധി കിലോക്ക് 400 രൂപയാണ് ലഭിക്കുന്നത്. ലാഭം നന്നേ കുറവായതിനാല്‍ കടയുടമക്ക് കൂലിപോലും ലഭിക്കാത്ത അവസ്ഥയാണ്.