Trending

ആയിരം കോടിയുടെ ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ പ്രതികൾ പിടിയിൽ

കൊച്ചി :പ്രതികൾ മുമ്പിൽ. രണ്ടു കാറുകളിലായി അന്വേഷണസംഘം പിന്നാലെ. കൊച്ചിയിലെത്തി ഇടപ്പള്ളി ജംക്‌ഷനിൽ നിന്നും ഗുരുവായൂർ ഭാഗത്തേക്ക് പോകാനായിരുന്നു പ്രതികളുടെ പ്ലാൻ. എന്നാൽ ആ ഭാഗത്ത് വച്ച് കസ്റ്റംസ് സൂപ്രണ്ട് വിവേക് തന്റെ കാർ കുറുകെയിട്ട് പ്രതികളുടെ വാഹനം തടഞ്ഞു. പ്രതികൾ കാർ നിർത്തിയതോടെ ഓടിയെത്തി താക്കോലെടുത്തു. ഇതോടെ ഇറങ്ങിയോടാൻ ശ്രമിച്ച പ്രതികളെ ഉദ്യോഗസ്ഥ സംഘം പിടികൂടി. ഇങ്ങനെയാണ് ആയിരം കോടി രൂപയുടെ ഫൈറ്റർ ഡ്രഗ് കടത്ത് കേസിലെ മുഖ്യപ്രതികളായ രണ്ട് മലയാളികളെ സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് സംഘം സിനിമ സ്റ്റൈലിൽ പിടികൂടിയത്.

തിരുവനന്തപുരം സ്വദേശി ഉമേഷ് കുമാർ, മലപ്പുറം സ്വദേശി ഫിർദോസ് എന്നിവരെ 40 കിലോമീറ്റർ കാറിൽ പിന്തുടർന്നാണ് സെൻട്രൽ ബ്യൂറോ ഓഫ് നർകോട്ടിക്സ് അധികൃതർ വലയിലാക്കിയത്. ഓപ്പറേഷൻ വജ്രയുടെ ഭാഗമായി 30 ടൺ വരുന്ന 12 കോടി ഫൈറ്റർ ഡ്രഗ് (ട്രാമഡോൾ ഹൈഡ്രോക്ലോറൈഡ് ഗുളികകൾ) ഡൽഹിയിലെ ഗോഡൗണിൽ നിന്ന് പിടികൂടിയിരുന്നു. ഈ വിവരം അറിഞ്ഞതോടെ മരുന്നുകടത്തിന്റെ മുഖ്യ സൂത്രധാരന്മാരായ ഉമേഷ് കുമാറും ഫിർദോസും മുങ്ങി. ഇരുവരും കേരളത്തിലെത്തി എന്ന വിവരം ലഭിച്ചതോടെ കസ്റ്റംസ്, ഡിആർഐ, സെൻട്രൽ നർക്കോട്ടിക്സ് ബ്യൂറോ എന്നിവർ തിരച്ചിൽ ആരംഭിച്ചു. കഴിഞ്ഞ ഞായറാഴ്ച പ്രതികൾ തിരുവനന്തപുരത്ത് നിന്നും കൊച്ചി ഭാഗത്തേക്ക് വരുന്നതറിഞ്ഞതോടെ ഉദ്യോഗസ്ഥ സംഘം തയാറായി. വൈക്കം എത്തുന്നതിനു തൊട്ടു മുൻപായി പ്രതികൾ ഇവരുടെ മുന്നിലെത്തി. തുടർന്നായിരുന്നു സിനിമ സ്റ്റൈൽ ചേസിങ് നടന്നതും പ്രതികളെ പിടികൂടിയത്. മറ്റൊരു പ്രതിയെ നേരത്തെ ബംഗളൂരുവിൽ നിന്നും പിടികൂടിയിരുന്നു. അറസ്റ്റിലായ മൂന്നാമൻ ബെംഗളൂരു സ്വദേശിയാണ്. ഇയാളുടെ ഓഫിസ് കേന്ദ്രീകരിച്ചായിരുന്നു ലഹരി മരുന്ന് കയറ്റുമതിക്കുള്ള വ്യാജരേഖകൾ അടക്കം തയാറാക്കിയിരുന്നത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post