Trending

പ്രധാനാധ്യാപികക്കെതിരെ പോക്‌സോ ചുമത്തി സുപ്രിംകോടതി; 'കുട്ടിയുടെ പരാതി അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാത്തത് കുറ്റം'



ന്യൂഡല്‍ഹി: സ്‌കൂളില്‍ വിദ്യാര്‍ഥിനിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ വിവരം അറിഞ്ഞിട്ടും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതിരുന്ന പ്രധാനാധ്യാപികക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി സുപ്രിംകോടതി. അസമിലെ ഗുവാഹത്തിയിലെ സ്‌കൂളിലെ പ്രധാനാധ്യാപികക്കെതിരെയാണ് പോക്‌സോ വകുപ്പ് പുനഃസ്ഥാപിച്ചത്. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമങ്ങള്‍ അതിജീവിതയില്‍ നിന്ന് നേരിട്ട് അറിഞ്ഞിട്ടും റിപ്പോര്‍ട്ട് ചെയ്യാതിരിക്കുന്നത് കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി.

പ്രധാനാധ്യപികയുടെ മേല്‍ ചുമത്തിയ പോക്‌സോ വകുപ്പ് നേരത്തെ ഗുവാഹത്തി ഹൈക്കോടതി ഒഴിവാക്കിയിരുന്നു. ഈ തീരുമാനമാണ് സുപ്രിംകോടതി റദ്ദാക്കിയത്. ജസ്റ്റിസുമാരായ മനോജ് മിശ്ര, കെ.വി വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
'
എട്ട് വയസുകാരിയായ പെണ്‍കുട്ടി തന്നെ മുതിര്‍ന്ന ക്ലാസിലെ ഒരു ആണ്‍കുട്ടി ലൈംഗികമായി ഉപദ്രവിച്ചതായി സ്‌കൂളില്‍ തന്നെ പഠിക്കുന്ന തന്റെ മൂത്ത സഹോദരിയെ അറിയിക്കുകയായിരുന്നു. ഇരുവരും ചേര്‍ന്ന് പ്രധാനാധ്യാപികയെ കണ്ട് വിവരമറിയിച്ചു. പോക്‌സോ നിയമപ്രകാരം പൊലീസില്‍ അറിയിക്കേണ്ടതായിരുന്നിട്ടും, പകരം സ്വന്തം നിലയിലുള്ള ഒരു പരിശോധനയാണ് പ്രധാനാധ്യാപിക നടത്തിയത്. കുട്ടിയുടെ സ്വകാര്യഭാഗങ്ങള്‍ പരിശോധിക്കുകയും അതിക്രമം നടന്നതിന്റെ സൂചനകള്‍ ലഭിക്കുകയും ചെയ്തു. ശേഷം കുറ്റാരോപിതനായ വിദ്യാര്‍ഥിയെ വിളിച്ചുവരുത്തി. ഒന്നും സംഭവിച്ചിട്ടില്ല എന്ന നിഗമനത്തിലാണ് അധ്യാപിക എത്തിയത്. വിവരം പുറത്തറിയിക്കരുതെന്ന് വിദ്യാര്‍ഥികളോട് നിര്‍ദേശിക്കുകയും ചെയ്തു. 2019 നവംബറിലായിരുന്നു സംഭവം നടന്നത്. 2020 ഏപ്രിലില്‍ ഇക്കാര്യം അറിഞ്ഞ കുട്ടിയുടെ അമ്മ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.

കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നതായി നേരിട്ട് പരാതിയറിഞ്ഞിട്ടും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യാതെ സ്വന്തം നിലയില്‍ പരിശോധനക്ക് തുനിഞ്ഞ അധ്യാപികയുടെ നടപടി കുറ്റകരമാണെന്ന് കോടതി വ്യക്തമാക്കി. പരാതി ലഭിക്കുക മാത്രമല്ല, കുറ്റകൃത്യം നടന്നുവെന്ന് അറിഞ്ഞിട്ടും അധ്യാപിക വിവരമറിയിക്കാന്‍ തയാറായില്ല. പരാതി അറിഞ്ഞിട്ടും സ്വന്തം നിലയില്‍ അന്വേഷണം നടത്താന്‍ ശ്രമിക്കുന്നത് പോക്‌സോ നിയമത്തിന്റെ ലക്ഷ്യത്തിന് വിരുദ്ധമാണ്. ഒരു കുറ്റകൃത്യം യഥാര്‍ഥത്തില്‍ നടന്നിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള ഏതൊരു അന്വേഷണവും, വിഷയം അധികൃതരെ അറിയിച്ച ശേഷം മാത്രമേ നടത്താവൂ എന്നും കോടതി പറഞ്ഞു. സംഭവത്തെ കുറിച്ച് നേരിട്ട് അറിവില്ലാതിരുന്ന സ്‌കൂള്‍ പ്രിന്‍സിപ്പല്‍, അധ്യാപകര്‍, ഹോസ്റ്റല്‍ വാര്‍ഡന്‍ എന്നിവരെ കുറ്റമുക്തരാക്കിയത് കോടതി ശരിവെക്കുകയും ചെയ്തു.

പോക്‌സോ നിയമത്തിലെ സെക്ഷന്‍ 19 പ്രകാരം കുട്ടികള്‍ക്കെതിരെ ലൈംഗികാതിക്രമം നടന്നുവെന്ന് അറിഞ്ഞാല്‍ അത് നിര്‍ബന്ധമായും പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്യണം. റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ സെക്ഷന്‍ 21 പ്രകാരം ആറ് മാസം വരെ തടവോ, പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ലഭിക്കാവുന്ന കുറ്റമാണ്.







T News

working in the field of advertising and printing

Post a Comment

Previous Post Next Post