ചൊവ്വാഴ്ച അർധരാത്രി വെള്ളയിൽ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. മത്സ്യത്തൊഴിലാളിയായ പുതിയങ്ങാടി കോയ റോഡ് ബീച്ചില്‍ തൈക്കൂട്ടം പറമ്പിൽ സക്കീറാണ് (49) പൊലീസ് സ്്റ്റേഷനിലെത്തി കീഴടങ്ങിയത്. രാത്രി 11.20 നാണ് സക്കീർ വെള്ളയിൽ പൊലീസ് സ്റ്റേഷനിൽ എത്തിയത്. ഭാര്യ നസിലയെ (48) കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്ന് അറിയിച്ചു. പൊലീസ് ആദ്യം വിശ്വസിച്ചില്ലെങ്കിലും സക്കീറിനെ സ്റ്റേഷനിൽ ഇരുത്തി. തുടർന്നു വിവരം ശേഖരിച്ചു പൊലീസ് സക്കീറിന്റെ വീട്ടിലെത്തി.
പൊലീസ് എത്തിയ വിവരം അറിഞ്ഞു പരിസരത്തുള്ളവരും ബന്ധുക്കളും എത്തി. അകത്തു കയറിയ പൊലീസ് പരിശോധിച്ചപ്പോഴാണു ഇവർക്ക് ജീവനുണ്ടെന്ന് അറിഞ്ഞത്. തുടർന്ന് ഗവ.ബീച്ച് ആശുപത്രിയിലും പിന്നീട് ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചു.
കഴുത്തിനു പരുക്കേറ്റെങ്കിലും ഗുരുതരമല്ലെന്നും അപകടാവസ്ഥ തരണം ചെയ്തതായും പൊലീസ് പറഞ്ഞു. കുടുംബവഴക്ക് നിലനിൽക്കുന്നുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടുള്ള വിരോധത്തിൽ കൊലപാതകത്തിനു ശ്രമിച്ചെന്നുമാണു പൊലീസ് നിഗമനം. പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി