Trending

ഒളിവിൽ കഴിഞ്ഞ പോക്സോ കേസിലെ പ്രതി ഏഴ് വർഷത്തിന് ശേഷം പിടിയിൽ

താമരശ്ശേരി : പോക്സോ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ഏഴ് വർഷത്തിന് ശേഷം  താമരശ്ശേരിയിൽ നിന്നും പിടികൂടി.


2018-ൽ രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെയാണ്  പോലീസ് ഏഴ് വർഷത്തിന് ശേഷം പിടികൂടിയത്.

പുളിങ്ങോം പാലാന്തടം സ്വദേശിയായ ശരത് എന്ന കണ്ണൻ (27) ആണ് കണ്ണൂർ ചെറുപുഴ സിഐ ജോബി കെ.ജെ, എസ്ഐ ക്ലിന്റു മാത്യുവും  സംഘവും  അറസ്റ്റ്‌ ചെയ്തത്. 

കേസിൽ റിമാൻഡിലായിരുന്ന ഇയാൾ ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം നാട്ടിൽ നിന്ന് മുങ്ങുകയായിരുന്നു. തുടർന്ന് ചെന്നൈയിൽ കുറച്ചുകാലം ജോലി ചെയ്തു. പിന്നീട് കോഴിക്കോട് ജില്ലയിലെ താമരശ്ശേരി –ചമലിൽ വള്ളുവർകുന്ന് ഉന്നതിയിൽ എത്തി. അവിടെ ഒരു യുവതിയെ പ്രണയിച്ച് വിവാഹം കഴിച്ച ശേഷം കേസിന്റെ വിവരം മറച്ചുവെച്ച് ഒളിവിൽ കഴിയുകയായിരുന്നുവെന്നാണ് പോലീസിന്റെ കണ്ടെത്തൽ.

കഴിഞ്ഞ മൂന്ന് വർഷമായി ശരത് സ്വന്തം പേരിൽ മൊബൈൽ ഫോൺ ഉപയോഗിക്കുകയോ,സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സജീവമാവുകയോ ചെയ്തിരുന്നില്ല. ബന്ധുക്കളുമായും യാതൊരു ബന്ധവും പുലർത്താതിരുന്നതും പ്രതിയെ കണ്ടെത്താൻ  ഏറെ പ്രയാസം  നേരിട്ടു.





എന്നാൽ, പ്രതി സഞ്ചരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ പോലീസ് രണ്ട് വർഷത്തോളമായി രഹസ്യനിരീക്ഷണം തുടരുകയായിരുന്നു. ഇതിനിടെയാണ് ചമൽ ഭാഗത്ത് ഇയാൾ താമസിക്കുന്നതായി സൂചന ലഭിച്ചത്. പ്രതിയെ പെട്ടെന്ന് പിടികൂടുന്നത് പ്രയാസമാണെന്ന് മനസ്സിലാക്കിയ പോലീസ് ദിവസങ്ങളോളം നിരീക്ഷണം നടത്തുകയും അവസരം ലഭിച്ചതോടെ കഴിഞ്ഞ ദിവസം രാത്രി ചമലിൽ നിന്ന് പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.

എസിപിഒ മാരായ അഭിലാഷ്,അഷറഫ്, ഗിരീഷ്, ഉമേഷ്‌ എന്നീ ഉദോഗസ്ഥരടങ്ങിയ  സംഘമാണ് പ്രതിയെ കണ്ടെത്തി പിടികൂടിയത്.
T News

working in the field of advertising and printing

Post a Comment

Previous Post Next Post