Trending

തമിഴ്‌നാട്ടിൽ ​ഗോവധം നിരോധിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രിംകോടതി

ന്യൂഡൽഹി: തമിഴ്നാട്ടിൽ ​ഗോവധം നിരോധിച്ചുകൊണ്ടുള്ള മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവ് സുപ്രിം കോടതി സ്റ്റേ ചെയ്തു. മദ്രാസ് ഹൈക്കോടതിയുടെ സമ്പൂർണ്ണ നിരോധന ഉത്തരവിനെതിരെ തമിഴ്‌നാട് സർക്കാർ സമർപ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചിന്റെ സ്റ്റേ. ഹൈക്കോടതി ഉത്തരവിന്റെ അവസാന ഖണ്ഡികയിൽ പ്രഥമദൃഷ്ട്യാ തിരുത്തൽ ആവശ്യമാണെന്ന് നിരീക്ഷിച്ച സുപ്രിം കോടതി കേസിൽ നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.

തമിഴ്‌നാട്ടിലെ നിലവിലുള്ള നിയമങ്ങൾക്ക് വിരുദ്ധമാണ് ഹൈക്കോടതിയുടെ ​ഗോവധ നിരോധനം എന്നായിരുന്നു തമിഴ്നാട് സർക്കാറിന്റെ വാദം. 1958-ലെ തമിഴ്‌നാട് മൃഗസംരക്ഷണ നിയമപ്രകാരം 10 വയസ്സിന് മുകളിൽ പ്രായമുള്ളതും ജോലി ചെയ്യാനും പ്രജനനത്തിനും യോഗ്യമല്ലാത്തതുമായ പശുക്കളെ ബന്ധപ്പെട്ട അധികാരി നൽകുന്ന സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ അറുക്കാൻ അനുമതിയുണ്ട്.1960-ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ നിയമം, 2001-ലെ മൃഗങ്ങൾക്കെതിരെയുള്ള ക്രൂരത തടയൽ (കശാപ്പുശാല) ചട്ടങ്ങൾ, 1998-ലെ തമിഴ്‌നാട് അർബൻ ലോക്കൽ ബോഡീസ് ആക്ട്, 2023-ലെ തമിഴ്‌നാട് അർബൻ ലോക്കൽ ബോഡീസ് റൂൾസ് എന്നിവ മൃഗങ്ങളെ അറുക്കാവുന്ന സാഹചര്യങ്ങളെ നിയന്ത്രിക്കുന്നുണ്ടെങ്കിലും സമ്പൂർണ്ണ നിരോധനം ഏർപ്പെടുത്തുന്നില്ല എന്നും തമിഴ്നാട് സർക്കാർ കോടതിയിൽ വാദിച്ചു. സ്വന്തം നിലയിൽ നിയമനിർമ്മാണം നടത്തുകയാണ് ഹൈക്കോടതി ചെയ്തതെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാണിച്ചു.

ഹിന്ദു മക്കൾ കക്ഷി ജനറൽ സെക്രട്ടറി കെ. സൂര്യ പ്രശാന്ത് സമർപ്പിച്ച പൊതുതാത്പര്യ ഹരജിയിലാണ് മേയ് 27-ന് മദ്രാസ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവ് പുറപ്പെടുവിച്ചത്. കോയമ്പത്തൂരിൽ പൊതുസ്ഥലങ്ങളിൽ പശുക്കളെ അറുക്കുന്നത് തടയണമെന്നും നിശ്ചയിക്കപ്പെട്ട സ്ഥലങ്ങളിൽ മാത്രമേ കശാപ്പ് നടക്കുന്നുള്ളൂ എന്ന് ഉറപ്പാക്കണമെന്നുമായിരുന്നു ഹരജിക്കാരന്റെ ആവശ്യം. എന്നാൽ, ഹരജിയിൽ ആവശ്യപ്പെടാത്ത കാര്യങ്ങളിലേക്ക് കടന്ന ജസ്റ്റിസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റിസ് വി. ലക്ഷ്മീനാരായണൻ എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ച് സംസ്ഥാനത്തുടനീളം ​ഗോവധം പൂർണ്ണമായി നിരോധിച്ചുകൊണ്ട് ഉത്തരവിടുകയായിരുന്നു.


T News

working in the field of advertising and printing

Post a Comment

Previous Post Next Post