തിരുവനന്തപുരം: കേരളത്തിലെ കപ്പൽ നിർമാണ പദ്ധതിക്കായി 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചെന്ന മുഖ്യമന്ത്രി വി ഡി സതീശന്‍റെ അവകാശ വാദം തള്ളി ടാറ്റ ഗ്രൂപ്പ്. കേരളത്തിൽ നിന്നല്ല, ഒരിടത്തും കപ്പൽ നിർമാണശാല ടാറ്റ നിർമിക്കുന്നില്ലെന്ന് കമ്പനി വിശദീകരിച്ചു. ടാറ്റ ഗ്രൂപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചാണ് ദേശീയ മാധ്യമമായ ഇക്കണോമിക് ടൈംസ് വാർത്ത നൽകിയിരിക്കുന്നത്. ടാറ്റ ഗ്രൂപ്പിന് നിലവിൽ കപ്പൽ നിർമ്മാണ പദ്ധതികളില്ലെന്നും വിശദീകരണമുണ്ട്. 10,000 കോടിയുടെ നിക്ഷേപം നടത്താൻ ടാറ്റ ഗ്രൂപ്പ് സന്നദ്ധത അറിയിച്ചിട്ടുണ്ടെന്നായിരുന്നു മുഖ്യമന്ത്രിയുടെ അവകാശവാദം.
മിഷൻ സമുദ്ര, പോർട്ട് സിറ്റി എന്ന രീതിയിൽ കേരളത്തിന്റെ സമഗ്രവികസനം, വിഴിഞ്ഞം തുറമുഖത്തിന്റെ അടിസ്ഥാനത്തിൽ വികസന പദ്ധതികളെ പ്രയോജനപ്പെടുത്തൽ ഇതെല്ലാം ഒരു ഡ്രീം പ്രൊജക്റ്റ് എന്ന രീതിയിലാണ് മുഖ്യമന്ത്രി വിഡി സതീശൻ പറഞ്ഞിരുന്നത്. അതിന്റെ ഭാഗമായിട്ടാണ് 10000 കോടി രൂപ കേരളത്തിൽ കപ്പൽ നിർമാണ പദ്ധതിക്കായി നിക്ഷേപം നടത്താൻ ടാറ്റ സന്നദ്ധത അറിയിച്ചുവെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത്. ആദ്യം ആഗോള മാധ്യമമായ ബ്ലൂബെർഗിനും അതിന് ശേഷം മാരിറ്റൈം സെമിനാർ വേദിയിലും മുഖ്യമന്ത്രി ആവർത്തിച്ചിരുന്നു.
10000 കോടി രൂപയുടെ നിക്ഷേപം കപ്പൽ നിർമാണ മേഖലയിൽ നടത്താൻ സന്നദ്ധരായി ടാറ്റ എത്തിയിട്ടുണ്ട്, അതുമായി ബന്ധപ്പെട്ട് ചർച്ചകൾ നടക്കുകയാണ്, ഒരുമാസത്തിനകം ഇക്കാര്യത്തിൽ ഒരു തീരുമാനമുണ്ടാക്കും എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. അതേ സമയം ഈ വിഷയത്തിൽ മറ്റ് വിശദാംശങ്ങളൊന്നും പറഞ്ഞിരുന്നില്ല. കേരളം അതിനുള്ള സ്ഥലം അനുവദിക്കും എന്നല്ലാതെ എങ്ങനെയാണ് എന്നോ പദ്ധതിയുടെ രൂപരേഖകളോ പുറത്തുവന്നിരുന്നില്ല. എന്നാൽ ടാറ്റ ഗ്രൂപ്പ് ഇപ്പോൾ ഇക്കാര്യം നിഷേധിക്കുമ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് യാതൊരു വിധത്തിലുള്ള വിശദീകരണവും പുറത്തുവന്നിട്ടില്ല.