തിരുവനന്തപുരം: ചിറയിൻകീഴിൽ ഭാര്യയ്ക്ക് മൊബൈൽ ഫോണിൽ മെസ്സേജ് അയച്ചെന്ന പരാതിയിൽ പോലീസ് സ്റ്റേഷനിൽ വിളിച്ചുവരുത്തിയ യുവാവിന്റെ കണ്ണിൽ എസ്.ഐ പെപ്പർ സ്പ്രേ അടിച്ചു. ഈ സംഭവത്തിൽ കുറ്റക്കാരനായ പോലീസുകാരനിൽ നിന്നും 50,000 രൂപ നഷ്ടപരിഹാരം ഈടാക്കാൻ സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കമ്മീഷന്റെ നിർദ്ദേശം അംഗീകരിച്ച് സംസ്ഥാന ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി.
ചിറയിൻകീഴ് കുരയ്ക്കട സ്വദേശിയായ ശ്രീനാഥിനാണ് പോലീസിൽ നിന്നും ഈ ദുരനുഭവം നേരിടേണ്ടി വന്നത്. 2023 ഒക്ടോബർ 9 നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. കുടുംബകോടതിയിൽ ഇവരുടെ വിവാഹമോചന കേസ് നടക്കുന്നതിനിടെ ശ്രീനാഥ് ഭാര്യയുടെ ഫോണിലേക്ക് മെസ്സേജ് അയച്ചിരുന്നു. ഇതിനെതിരെ ഭാര്യ നൽകിയ പരാതിയെക്കുറിച്ച് ചോദിച്ചറിയാനാണ് യുവാവിനെ ചിറയിൻകീഴ് പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചത്.
സംസാരിക്കുന്നതിനിടെ പ്രകോപിതനായ എസ്.ഐ, ശ്രീനാഥിന്റെ മുഖത്തേക്ക് കണ്ണുകളിൽ നീറ്റലുണ്ടാകുന്ന വിധത്തിലുള്ള ഏതോ ദ്രാവകം സ്പ്രേ ചെയ്യുകയായിരുന്നുവെന്ന് ജില്ലാ പോലീസ് മേധാവി മനുഷ്യാവകാശ കമ്മീഷന് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
എസ്.ഐയുടെ മുറിയിൽ നിന്നും ശ്രീനാഥ് കണ്ണുപൊത്തി കരഞ്ഞുകൊണ്ടാണ് പുറത്തിറങ്ങിയതെന്നും, മുഖം കഴുകാൻ വാഷ് ബേസിൻ എവിടെയാണെന്ന് തിരക്കിയെന്നും ദൃക്സാക്ഷികൾ അന്വേഷണ സംഘത്തിന് മൊഴി നൽകിയിരുന്നു. യുവാവിന് മർദ്ദനമേറ്റതിന് തെളിവില്ലെങ്കിലും ഈ മൊഴികൾ കേസിൽ നിർണായകമായി. മനുഷ്യാവകാശ കമ്മീഷൻ അന്വേഷണ വിഭാഗം പോലീസ് സൂപ്രണ്ടിനായിരുന്നു അന്വേഷണച്ചുമതല.
നഷ്ടപരിഹാരത്തുകയായ 50,000 രൂപ നിലവിൽ സർക്കാർ ഫണ്ടിൽ നിന്നും ശ്രീനാഥിന് അനുവദിക്കും. പിന്നീട് ഈ തുക കുറ്റക്കാരനായ എസ്.ഐയുടെ ശമ്പളത്തിൽ നിന്നും ഗഡുക്കളായി ഈടാക്കാനാണ് കമ്മീഷന്റെ നിർദ്ദേശം. രണ്ടു മാസത്തിനുള്ളിൽ ഈ തുക നൽകിയില്ലെങ്കിൽ, പ്രസ്തുത കാലയളവിൽ 8 ശതമാനം പലിശ കൂടി നൽകേണ്ടി വരുമെന്നും കമ്മീഷന്റെ ഉത്തരവിൽ വ്യക്തമാക്കുന്നു. വിഷയത്തിൽ സ്വീകരിച്ച തുടർനടപടികൾ സംസ്ഥാന പോലീസ് മേധാവി കമ്മീഷനെ അറിയിക്കണമെന്നും നിർദ്ദേശമുണ്ട്.