Trending

ഓർഡർ ചെയ്ത സാധനം എത്തിച്ചു നല്‍കിയതിന് ശേഷം ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഡെലിവറി ബോയ് ബെംഗളൂരുവില്‍ അറസ്റ്റിലായി.



ഓർഡർ ചെയ്ത സാധനം എത്തിച്ചു നല്‍കിയതിന് ശേഷം ഫ്ലാറ്റില്‍ അതിക്രമിച്ചു കയറി യുവതിയെ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ച ഡെലിവറി ബോയ് ബെംഗളൂരുവില്‍ അറസ്റ്റിലായി.

വിജയ് മല്ലികാർജുൻ കാമത്ത് എന്നയാളെയാണ് മരത്തഹള്ളി പോലീസ് പിടികൂടിയത്. പ്രമുഖ ഇ-കൊമേഴ്‌സ് പോർട്ടലായ ഫ്ലിപ്കാർട്ടിന്റെ ഡെലിവറി ബോയിയായി എത്തിയതായിരുന്നു ഇയാള്‍. യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഭാരതീയ ന്യായ സംഹിതയിലെ (BNS) വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റർ ചെയ്താണ് വൈറ്റ്ഫീല്‍ഡ് ഡിസിപിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം പ്രതിയെ അറസ്റ്റ് ചെയ്തത്.

തന്റെ ഫ്ലാറ്റില്‍ പാർസല്‍ നല്‍കാനായെത്തിയ പ്രതി, ശുചിമുറി ഉപയോഗിക്കാൻ അനുവാദം ചോദിച്ചതായാണ് യുവതി പറയുന്നത്. അപരിചിതരെ വീട്ടില്‍ കയറ്റാൻ കഴിയില്ലെന്നും അയല്‍വാസികളായ പുരുഷന്മാരോട് സഹായം ചോദിക്കാനും യുവതി ആവർത്തിച്ച്‌ ആവശ്യപ്പെട്ടെങ്കിലും ഡെലിവറി ഏജന്റ് ഇത് വകവെച്ചില്ല. ചെരുപ്പ് പുറത്തൂരിയിട്ട് ഇയാള്‍ ഫ്ലാറ്റിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. തുടർന്ന് ശുചിമുറിയില്‍ നിന്ന് പുറത്തിറങ്ങിയ പ്രതി യുവതിക്ക് നേരെ നഗ്നതാപ്രദർശനം നടത്തുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. അപ്രതീക്ഷിതമായ നീക്കത്തില്‍ ഭയന്നുപോയ യുവതി ഉടൻ തന്നെ ഫ്ലാറ്റിന്റെ മുൻവാതില്‍ തുറന്നിടുകയും മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് പ്രതിരോധം തീർക്കുകയുമായിരുന്നു. എന്തെങ്കിലും അനിഷ്ട സംഭവം ഉണ്ടായാല്‍ പുറത്തേക്ക് ഓടി രക്ഷപ്പെടാനും ബഹളം വെക്കാനുമാണ് താൻ വാതില്‍ തുറന്നിട്ടതെന്ന് യുവതി പിന്നീട് സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച കുറിപ്പില്‍ വ്യക്തമാക്കി.

സംഭവം വിവാദമായതോടെ നടപടിയുമായി ഫ്ലിപ്കാർട്ട് രംഗത്തെത്തി. ഡെലിവറി ബോയിയുടെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നതാണെന്നും ഇയാളെ ജോലിയില്‍ നിന്ന് ഉടനടി പിരിച്ചുവിട്ടതായും കമ്പനി ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. കസ്റ്റമർമാരുടെ സുരക്ഷയില്‍ യാതൊരുവിധ വിട്ടുവീഴ്ചയുമില്ലെന്നും, കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥരുമായി കമ്പനി പൂർണ്ണമായി സഹകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. ഡെലിവറി ജീവനക്കാരെ ജോലിക്ക് എടുക്കുന്നതിന് മുൻപ് കൃത്യമായ പശ്ചാത്തല പരിശോധനയും പരിശീലനവും നല്‍കാറുണ്ടെന്നും, ഇത്തരം സംഭവങ്ങള്‍ ആവർത്തിക്കാതിരിക്കാൻ നിലവിലെ സുരക്ഷാ മാനദണ്ഡങ്ങള്‍ കൂടുതല്‍ ശക്തമായി പുനഃപരിശോധിക്കുമെന്നും ഫ്ലിപ്കാർട്ട് അറിയിച്ചിട്ടുണ്ട്. പ്രതിയെ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തില്‍ കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് വ്യക്തമാക്കി.
T News

working in the field of advertising and printing

Post a Comment

Previous Post Next Post