Trending

80 ലക്ഷം രൂപയോളം സമാഹരിച്ച് മോചനദ്രവ്യം നൽകി നാട്ടിലെത്തിച്ചയാൾ MDMA യുമായി പിടിയിൽ.


കണ്ണൂർ: സൗദി ജയിലിൽ നിന്ന് നാട്ടുകാർ 80 ലക്ഷം രൂപ പിരിച്ച നൽകി മോചിപ്പിച്ച മലയാളി യുവാവ്  മയക്കുമരുന്ന് വേട്ടയിൽ കണ്ണൂരിൽ പിടിയിൽ.

 കരിക്കോട്ടക്കരി വിളയാങ്കോട് സ്വദേശി ടി. ഫസലുദ്ദീനെയാണ് ബെംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് കടത്തുകയായിരുന്ന ലക്ഷക്കണക്കിന് രൂപ വിലവരുന്ന എം.ഡി.എം.എയുമായി ഇരിട്ടി പോലീസ് അറസ്റ്റ് ചെയ്തത്.



മംഗളൂരു സ്വദേശിയെ കൊലപ്പെടുത്തിയ കേസിൽ സൗദി അറേബ്യയിൽ പത്ത് വർഷത്തോളം ജയിൽശിക്ഷ അനുഭവിച്ചയാളാണ് ഫസലുദ്ദീൻ. ഇയാളുടെ കുടുംബത്തിന്റെ ദയനീയാവസ്ഥ കണ്ട് നാട്ടുകാരും സന്നദ്ധ സംഘടനകളും ചേർന്ന് കഠിനപ്രയത്നത്തിലൂടെയാണ് 80 ലക്ഷം രൂപയോളം മോചനദ്രവ്യമായി (ബ്ലഡ് മണി) സമാഹരിച്ചത്. ഏതാനും വർഷങ്ങൾക്ക് മുൻപ് ഈ തുക നൽകി ഇയാളെ ജയിൽമോചിതനാക്കി നാട്ടിലെത്തിക്കുകയായിരുന്നു.

നാട്ടിലെത്തിയ ശേഷം കർണാടകയിൽ ജോലി ചെയ്യുകയാണെന്ന് വരുത്തിത്തീർത്തായിരുന്നു ഫസലുദ്ദീന്റെ ലഹരി വ്യാപാരം. ബംഗളൂരു കേന്ദ്രീകരിച്ച് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിന്റെ പ്രധാന സൂത്രധാരനാണ് ഇയാളെന്ന് പോലീസ് കണ്ടെത്തി.

 കഴിഞ്ഞദിവസം ബെംഗളൂരുവിൽ നിന്ന് വരികയായിരുന്ന ആഡംബര ബസിൽ നിന്ന് ഇരിട്ടി പോലീസ് മയക്കുമരുന്ന് പിടികൂടിയിരുന്നു. ഈ കേസിലെ പ്രതികളെ ചോദ്യം ചെയ്തതിൽ നിന്നാണ് ലഹരിമരുന്ന് ഒളിപ്പിച്ചു കടത്തിയതിന് പിന്നിലെ യഥാർത്ഥ തലവൻ ഫസലുദ്ദീനാണെന്ന് വ്യക്തമായത്.

കേരള പോലീസിന്റെ പ്രത്യേക ലഹരിവിരുദ്ധ സ്ക്വാഡ് നടത്തുന്ന 'ഓപ്പറേഷൻ തൂഫാൻ' പരിശോധനകളുടെ ഭാഗമായാണ് ഈ അറസ്റ്റ്. പ്രതിയെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി വരികയാണെന്നും വലിയൊരു ലഹരി ശൃംഖലയിലേക്ക് വെളിച്ചം വീശുന്നതാണ് ഈ അറസ്റ്റെന്നും പോലീസ് അറിയിച്ചു.

 തങ്ങളെ വഞ്ചിച്ച് ലഹരി മാഫിയയുടെ തലവനായി മാറിയ ഫസലുദ്ദീന്റെ വാർത്ത ഞെട്ടലോടെയാണ് നാട്ടുകാർ കേട്ടത്.


T News

working in the field of advertising and printing

Post a Comment

Previous Post Next Post