ബിഹാറിൽ വിദ്യാർത്ഥി പ്രതിഷേധത്തിന് നേരെ എകെ 47 തോക്ക് ഉപയോഗിച്ചു. പട്നയിലെ സിവാറിൽ നടന്ന പ്രതിഷേധത്തിനിടെയായിരുന്നു സംഭവം. എകെ-47 റൈഫിൾ ഉപയോഗിച്ച് വെടിയുതിർക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തു വന്നതോടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ നടപടി സ്വീകരിച്ചിരിക്കുകയാണ്. ബിഹാറിലെ പ്രത്യേക അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥനായ അഭിഷേക് പട്ടേലിനെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാൾ എകെ47 തോക്ക് ഉപയോഗിച്ച് വെടി ഉതിർക്കുന്നതും പിന്നാലെ വിദ്യാർത്ഥികൾക്ക് നേരെ ആക്രോശിച്ച് പോകുന്നതും ദൃശ്യങ്ങളിൽ കാണാം.
ആദ്യം ആകാശത്തേക്കും പിന്നാലെ പ്രതിഷേധക്കാർക്ക് നേരെയും ആറ് റൗണ്ട് വെടിയുതിർത്തതായാണ് റിപ്പോർട്ടുകൾ. ഇതോടെ പ്രതിപക്ഷ വിദ്യാർത്ഥി സംഘടനകൾ അടക്കം വലിയ പ്രതിഷേധം ആണ് ഉയർത്തിയത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് കാന്തി കുമാരി അടക്കം ഇപ്പോഴും ജയിൽ വാസം അനുഭവിക്കുകയാണ്.
രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ഭീകര സേനകളെ അടക്കം നേരിടാൻ വേണ്ടി മാത്രമാണ് എകെ47 തോക്ക് സാധാരണ ഉപയോഗിക്കാറുള്ളത്. അത് വിദ്യാർത്ഥികൾക്ക് നേരെ ഉപയോഗിച്ചതിൽ വലിയ വിമർശനമാണ് ഇപ്പോൾ പ്രതിപക്ഷം ഉയർത്തുന്നത്. പ്രതിഷേധിച്ച വിദ്യാർത്ഥികൾക്കെതിരെ കേസും രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇത് കേന്ദ്ര സർക്കാർ നൽകിയ ഉറപ്പിന്റെ ലംഘനമായാണ് വിലയിരുത്തുന്നത്. പാർലമെന്റിലേക്ക് വിദ്യാർത്ഥികൾ നടത്തിയ മാർച്ചിൽ നേരത്തെ പെല്ലറ്റ് ഗൺ ഉപയോഗിച്ചത് വിവാദമായിരുന്നു.