താമരശ്ശേരി: വിളയാറച്ചാലിൽ സ്നേഹതീരം റസിഡൻസ് അസോസിയേഷൻ അംഗങ്ങളുടെ മുഴുവൻ വീട്ടുവളപ്പിൽ ഓരോ വൃക്ഷത്തൈ വീതം നട്ട് പരിപാലിക്കുന്ന 'വൃക്ഷാഞ്ജലി' പദ്ധതിക്ക് തുടക്കമായി. ഗ്രീൻ ഇക്കോ സ്ഫിയറും ട്രീബ്യൂട്ട് ബൈ ബ്രോണെറ്റ് ഗ്രൂപ്പും ചേർന്നാണ് പദ്ധതി നടപ്പിലാക്കുന്നത്. ഒരു ടീം വീട്ടിലേക്ക് വന്നു വീട്ടുവളപ്പിൽ കുഴിയെടുത്ത്, വളമിട്ട്, വൃക്ഷത്തൈ നട്ട്, മണ്ണ് മൂടി, ആദ്യ നനച്ചു പോകും. വീട്ടുടമ പിന്നീട് അവ നനച്ച് സംരക്ഷിച്ചാൽ മതി. സംരക്ഷണം ഉറപ്പുവരുത്താൻ ഒരു വാട്സ്ആപ്പ് ഗ്രൂപ്പ് രൂപീകരിച്ച് വൃക്ഷത്തൈകളുടെ ഓരോ മൂന്നുമാസത്തെയും വളർച്ച പ്രകടമാക്കുന്ന ഫോട്ടോയെടുത്ത് ഗ്രൂപ്പിൽ പങ്കുവെക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
പദ്ധതിയുടെ ഉദ്ഘാടനം അസോസിയേഷൻ അംഗത്തിന്റെ കെടവൂരിലെ വീട്ടിൽ വച്ച് സർക്കാറിന്റെ വനമിത്ര പുരസ്കാര ജേതാവ് വടയക്കണ്ടി നാരായണൻ അസോസിയേഷൻ സെക്രട്ടറിക്ക് വൃക്ഷത്തൈ കൈമാറിക്കൊണ്ട് നിർവഹിച്ചു. ഗ്രീൻ ഇക്കോ സ്ഫിയർ സെക്രട്ടറി മിനി ചന്ദ്രൻ അധ്യക്ഷയായി. ഖജാൻജി ഡോ. ശ്രീധരൻ നമ്പൂതിരിപ്പാട്, വൈസ് പ്രസിഡണ്ട് മാരായ ബിനീഷ് താമരശ്ശേരി, മാർഗരറ്റ് ബോബി, അസോസിയേഷൻ സെക്രട്ടറി ജയൻ ഗ്രീഷ്മം, ട്രീബ്യൂട്ട് പ്രതിനിധി എം പി ബാബു തുടങ്ങിയവർ സംസാരിച്ചു.
പടം: സ്നേഹതീരം റസിഡൻസ് അസോസിയേഷൻ്റെ 'വൃക്ഷാഞ്ജലി' പദ്ധതി വടയക്കണ്ടി നാരായണൻ വൃക്ഷത്തൈ കൈമാറിക്കൊണ്ട് ഉദ്ഘാടനം ചെയ്യുന്നു.