താമരശ്ശേരി: റംസാൻ മാസത്തിലെ ഇഫ്താർ, അത്താഴ, ഭക്ഷണ വിതരണത്തിനു ശേഷം പെരുന്നാൾ ദിനത്തിലും താമരശ്ശേരി ഗവ. താലൂക്ക് ആശുപത്രിയിൽ താമരശ്ശേരി സി.എച്ച് സെന്റർ ഭക്ഷണ വിതരണം നടത്തി. തുടർച്ചയായി കഴിഞ്ഞ 16 വർഷവും താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ജീവനക്കാർക്കും സി.എച്ച് സെന്റർ റംസാൻ മാസത്തിൽ ഇഫ്താറിനും അത്താഴത്തിനുമുള്ള ഭക്ഷണം വിതരണം ചെയ്ത വരുന്നുണ്ട്.
ദിനേന നൂറോളം പേർക്കാണ് ഭക്ഷണം വിതരണം ചെയ്തിരുന്നത്. വിദൂര സ്ഥലങ്ങളിൽ നിന്നുള്ള രോഗികൾക്കും ജീവനക്കാർക്കും ഇത് വലിയ ആശ്വാസമായിരുന്നു. നാട്ടിലും വിദേശത്തുമുള്ള സുമനസ്സുകളുടെയും വിവിധ കെ.എം.സി.സി ഘടകങ്ങളുടെയും സഹായത്തോടെയാണ് താമരശ്ശേരി സി.എച്ച് സെന്റർ ഈ പദ്ധതി നടപ്പാക്കി വരുന്നത്.
താമരശ്ശേരി സി.എച്ച് സെന്ററിന്റെ ആഭിമുഖ്യത്തിൽ താലൂക്ക് ആശുപത്രിയിൽ വളണ്ടിയർ സേവനം, ആംബുലൻസ് സർവീസ്, സാന്ത്വന പരിചരണം, മരുന്ന് വിതരണം, മറ്റ് വിവിധ ക്ഷേമ പദ്ധതികൾ, ഹജ്ജ് സേവനം എന്നിവ നടന്നു വരുന്നുണ്ട്. ഇതിനു പുറമെയാണ് റംസാൻ മാസത്തിലെ ഭക്ഷണ വിതരണ പദ്ധതി.
പെരുന്നാൾ ദിനത്തിൽ നടന്ന ഭക്ഷണ വിതരണ പരിപാടി താമരശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് പി.പി ഹാഫിസ് റഹ്മാൻ ഉദ്ഘാടനം ചെയ്തു. ട്രഷറർ ആർ.കെ മൊയ്തീൻ കോയ അധ്യക്ഷത വഹിച്ചു, താലൂക്ക് ആശുപത്രിയിലെ ഡോ. കിരൺ മുഖ്യാതിഥിയായി. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ, വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ എ.കെ കൗസർ, സി.കെ വേണുഗോപാൽ, എം. സുൽഫീക്കർ, കെ.സി ബഷീർ, സുബൈർ വെഴുപ്പൂർ, റഹീം എടക്കണ്ടി, മജീദ് മാസ്റ്റർ, പി.പി അബ്ദുറഹ്മാൻ, കെ.എം ഇബ്രാഹിം, കെ.ടി അബൂബക്കർ, വി.പി ഇസ്മായിൽ, പി.കെ മുഹമ്മദലി, ഹുസൈൻ കുട്ടി കാരാടി, പി.പി അബ്ദുല്ലത്തീഫ് മാസ്റ്റർ, സലീം വാടിക്കൽ, മജീദ് അണ്ടോണ, എ.പി ഷെരീഫ്, ആർ.കെ മനാഫ്, ബഷീർ പനമ്പറ തുടങ്ങിയവർ സംബന്ധിച്ചു.
