താമരശ്ശേരി: യുഡിഎഫ് ഭരണം നടത്തുന്ന കട്ടിപ്പാറ പഞ്ചായത്തിൽ പ്രവർത്തിക്കുന്ന ഫ്രഷ് കട്ട് എന്ന അറവു
മാലിന്യ സംസ്കരണ ഫാക്ടറിയിൽ നിന്നും പുറത്തു വരുന്ന ദുർഗന്ധത്തിനും, ജലമലിനീകരണത്തിനും പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ നൽകിയ പരാതികൾക്ക് പരിഹാരം കാണാത്തതിനെ തുടർന്ന് വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ വോട്ടു ബഹിഷ്കരിക്കാൻ നാട്ടുകാർ തയ്യാറെടുക്കുകയാണ്, ഈ അവസരത്തിലാണ് എം പി യുടെ ഇടപെടൽ ആവശ്യപ്പെട്ട് ലീഗ് പ്രാദേശിക നേതൃത്വം എം.കെ രാഘവൻ എം പി ക്ക് കത്തുനൽകിയത്.
ബഹുമാനപ്പെട്ട എം.കെ. രാഘവന്‍ എം.പി അവര്‍കള്‍ക്ക്
കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ അമ്പായത്തോട് എന്ന പ്രദേശത്ത് പ്രവര്‍ത്തിക്കുന്ന ഫ്രഷ് കട്ട് എന്ന കോഴി മാലിന്യ സംസ്‌കരണ പ്ലാന്റില്‍ നിന്ന് അസഹനീയമായ ദുര്‍ഗന്ധം പുറന്തള്ളുകയാണ്. താമരശ്ശേരി, ഓമശ്ശേരി, കോടഞ്ചേരി ഗ്രാമ പഞ്ചായത്തുകളില്‍ നിന്നുള്ള അയ്യായിരത്തോളം കുടുംബങ്ങള്‍ ഇത് മൂലം ദുരിതമനുഭവിക്കുകയാണ്. രാത്രി കാലങ്ങളിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ജില്ലയിലെ പല പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന കോഴി മാലിന്യം ഈ സ്ഥാപനത്തില്‍ കൊണ്ടു വന്നാണ് സംസ്‌ക്കരിക്കുന്നത്. അനുവദനീയമായ അളവില്‍ കൂടുതല്‍ മാലിന്യം ഇവിടെ സംസ്‌ക്കരിക്കപ്പെടുന്നതായാണ് വിവരം. ദുര്‍ഗന്ധം മൂലം ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇന്നാട്ടിലെ ജനങ്ങള്‍ വിധേയമായിക്കൊണ്ടിരിക്കുന്നു. ദുര്‍ഗന്ധ പ്രശ്‌നങ്ങള്‍ ഉണ്ടാവുന്ന ഘട്ടങ്ങളിലെല്ലാം നാട്ടുകാര്‍ പരാതിയും പ്രതിഷേധങ്ങളുമായി രംഗത്ത് വരാറുണ്ട്. പ്രശ്‌ന പരിഹാരത്തിന് നടപടി സ്വീകരിക്കുമെന്ന് കമ്പനി അധികൃതര്‍ പലപ്പോഴും ഉറപ്പ് നല്‍കിയെങ്കിലും നാളിതുവരെ പ്രശ്‌ന പരിഹാരത്തിന് യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ല. ദുര്‍ഗന്ധം മൂലം ദുരിതത്തിലായ ജനങ്ങള്‍ വരാനിരിക്കുന്ന പാര്‍ലിമെന്റ്, നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ വോട്ട് ബഹിഷ്‌ക്കരണം നടത്തുമെന്നാണ് പറയുന്നത്. പ്രശ്‌ന പരിഹാരം ഉണ്ടാവുന്നത് വരെ കമ്പനി അടച്ചിടുകയല്ലാതെ മറ്റു മാര്‍ഗങ്ങളില്ല. ഈ ഘട്ടത്തില്‍ നാട്ടിലെ ജനങ്ങള്‍ നേരിടുന്ന ഈ ദുരിതത്തിന് പരിഹാരം കാണുന്നതിന് അടിയന്തിര ഇടപെടുകള്‍ നടത്തണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
വിശ്വാസപൂര്‍വ്വം
എം. സുല്‍ഫീക്കര്‍
(ജന.സെക്രട്ടറി, പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി, താമരശ്ശേരി)
