കട്ടിപ്പാറ: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ ആരോഗ്യ മേഖലയിലെ സ്ഥാപനങ്ങളായ ഗവ: ആയുർവേദ ഡിസ്പെൻസറി, ഗവ: ഹോമിയോ ഡിസ്പെൻസറി എന്നിവക്ക് NABH(National Accreditation Board For Hospitals & Health Care Providers) സർട്ടിഫിക്കേഷൻ ലഭിച്ചു.
തിരുവനന്തപുരം ജിമ്മി ജോർജ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജിൽ നിന്നും കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ്, സെക്രട്ടറി ഗിരീഷ് കുമാർ, ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: ദിവ്യശ്രീ, ഹോമിയോ മെഡിക്കൽ ഓഫീസർ ഡോ. ഇന്ദു, മുൻ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ: പ്രവീൺകുമാർ
എന്നിവർ ചേർന്ന് പുരസ്കാരം എറ്റുവാങ്ങി.
കേരളത്തിലെ എല്ലാ ആയുഷ് ആരോഗ്യ സ്വാസ്ഥ്യ കേന്ദ്രങ്ങളെയും നാല് ഘട്ടങ്ങളായി എന്‍.എ.ബി.എച്ച്. നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായാണ് നമ്മുടെ പഞ്ചായത്തിലെ രണ്ടു സ്ഥാപനങ്ങളായ ആയുർവേദ ഡിസ്പെൻസറി, ഹോമിയോ ഡിസ്പെൻസറി എന്നിവക്ക് NABH സർട്ടിഫിക്കേഷൻ ലഭിച്ചത്.
ഉറച്ച ഒരു കര്‍മ്മ പദ്ധതി രൂപീകരിക്കുകയും, അത് സമയബന്ധിതമായി നടപ്പാക്കുക എന്ന ലക്ഷ്യത്തിന്റെ ആദ്യ പടിയുമായാണ് ഈ അംഗീകാരം. വിപുലമായ ഗ്യാപ്പ് അനാലിസിസ് നടത്തി നമ്മുടെ സ്ഥാപനങ്ങളിൽ മികച്ച സൗകര്യങ്ങളൊരുക്കി ആവശ്യമായ മുഴുവന്‍ ബയോമെഡിക്കല്‍ ഉപകരണങ്ങളുടെയും, ലബോറട്ടറി ഉപകരണങ്ങളുടെയും ലഭ്യത ഉറപ്പാക്കിയതും,
മാനദണ്ഡങ്ങള്‍ പാലിച്ചുള്ള മികച്ച സൗകര്യങ്ങളൊരുക്കിയതുമാണ് വിജയകരമായി പൂർണ്ണ വിജയത്തിലെത്തിച്ചത്.
സർട്ടിഫിക്കേഷൻ ലഭ്യമായതോടെ കെട്ടിടങ്ങളുടെ വിപുലീകരണത്തിനും, മികച്ച ചികത്സാ സൗകര്യങ്ങൾ ലഭ്യമാവുന്നതിനും, നൂതന പദ്ധതികൾ നടപ്പിലാക്കുന്നതിനും ഇതിലൂടെ സാധിക്കുന്നു.
ജീവിത ശൈലീ രോഗ നിയന്ത്രണ പദ്ധതികൾ, സ്ത്രീകൾക്കും, കുട്ടികൾക്കും, ഗർഭിണികൾക്കുമായുള്ള പ്രത്യേക പദ്ധതികൾ, പാലിയേറ്റീവ് കെയർ, പഞ്ചകർമ്മ യൂണിറ്റ്, യോഗ എന്നീ സൗകര്യങ്ങൾ ഡിസ്പെൻസറി വഴി ലഭ്യമാക്കും.
ആയുർവേദ ഡിസ്പെൻസറിക്കും, ഹോമിയോ ഡിസ്പെൻസറിക്കും NABH ദേശീയ അംഗീകാരം ഒരുമിച്ച് ലഭിച്ചത് കേരളത്തിൽ കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിനു മാത്രമാണ്.

