ഇടുക്കി കട്ടപ്പനയിൽ ഇരട്ടക്കൊലപാതകമെന്ന് സംശയം. നവജാത ശിശുവിനെയും വൃദ്ധനെയും കൊലപ്പെടുത്തിയതായി സൂചന. മോഷണക്കേസ് തെളിവെടുപ്പിനിടെയാണ് പൊലീസിന് കൊലപാതകം സംബന്ധിച്ച് വിവരം ലഭിച്ചത്. പ്രതികളെന്ന് സംശയിക്കുന്ന വിഷ്ണുവിനെയും നിധിഷിനെയും കസ്റ്റഡിയിലെടുക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്.
കഴിഞ്ഞ ദിവസം ലെയത്ത് വർക്ക്‌ഷോപ്പിൽ നടന്ന മോഷണ ശ്രമത്തിനിടെ കട്ടപ്പന സ്വദേശികളായ വിഷ്ണു വിജയൻ, നിധിഷ് എന്നിവർ പിടിയിലായിരുന്നു. വിഷ്ണുവും നിധിഷും കക്കാട്ട് കടയിലെ വാടക വീട്ടിൽ ഒരുമിച്ചായിരുന്നു താമസം. ഈ വീട്ടിൽ തെളിവെടുപ്പിനായി എത്തിയപ്പോഴാണ് പൊലീസിന് കൊലപാതകം സംബന്ധിച്ച സൂചനകൾ ലഭിച്ചത്. പൊലീസ് വീട്ടിലെത്തിയപ്പോൾ വിഷ്ണുവിന്റെ അമ്മയും സഹോദരിയും പരിഭ്രാന്തരായിരുന്നു. ഇവരെ ഒരു വർഷമായി വീട്ടിൽ പൂട്ടിയിട്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ നിധിഷ് വീട്ടിൽ പൂജ കർമ്മങ്ങൾ ചെയ്തിരുന്നെന്നും 2016 ൽ വിഷ്ണുവിന്റെ സഹോദരിയുടെ നവജാത ശിശുവിനെ കൊലപ്പെടുത്തിയെന്നും അമ്മ വെളിപ്പെടുത്തി. ഏഴ് മാസം മുൻപ് വിഷ്‌ണുവിന്റെ പിതാവ് വിജയനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടെന്നുമാണ് അമ്മയുടെ മൊഴി. തുടർന്ന് പൊലീസ് ഇവരെ ഷെൽട്ടർ ഹോമിലേക്ക് മാറ്റി. മോഷണ ശ്രമത്തിനിടെ പരുക്ക് പറ്റിയ വിഷ്ണു കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. കൂട്ടു പ്രതി നിധിഷ് പീരുമേട് സബ് ജയിലിൽ റിമാൻഡിലാണ്. ഇവരെ ഉടനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും. വീടിന്റെ തറ പൊളിച്ച് പരിശോധന നടത്താനാണ് കട്ടപ്പന പൊലീസിന്റെ നീക്കം
