താമരശ്ശേരി: ജൽ ജീവൻ മിഷൻ പദ്ധതിക്കായി വെട്ടിപ്പൊളിച്ച റോഡുകൾ നാട്ടുകാർ മന്ത്രിക്ക് പരാതി നൽകിയതിനെ തുടർന്ന് ടാറിംങ്ങ് നടത്തി സഞ്ചാരയോഗ്യമാക്കി.
പരാതിയിൽ അടിയന്തിര നടപടി സ്വീകരിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന് ചൈതന്യ റസിഡൻസ് അസോസിയേഷൻ നന്ദി അറിയിക്കുകയും, സഞ്ചാരയോഗ്യമാക്കിയ റോഡുകളുടെ ഉദ്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.
താമരശ്ശേരി പഞ്ചായത്തിൽ എട്ടാം വാർഡിലെ കണ്ണൻകുന്നുമ്മൽ, കുറുന്തോട്ടുകണ്ടി, തെല്ലത്തിൻകര എന്നീ പ്രദേശങ്ങൾ ഉൾക്കൊള്ളുന്നതാണ് ചൈതന്യ റസിഡൻ്റ്സ് അസോസിയേഷൻ. ദേശീയ പാതയിൽ നിന്നും റോഡിൽ നിന്ന് ഉള്ളിലേക്കുള്ള റോഡുകളിൽ മുക്കാൽ ഭാഗത്തിലേറെയും ഒരു വർഷം ജെൽ ജീവൻ മിഷന് വേണ്ടി കാനയെടുത്ത് മൂടിയത്. അതിനു ശേഷം ഇന്നോളം, നേരത്തെ ഇതുവഴി നല്ല രീതിയിൽ ഓടിക്കൊണ്ടിരുന്ന ഒരു വാഹനങ്ങൾക്കും സർവ്വീസ് നടത്താൻ സാധിക്കാതെ വരിക മാത്രമല്ല റോഡ് കാൽനട യാത്രക്കാർക്ക് വരെ ഏറെ ഭീഷണി ഉയർത്തികൊണ്ടിരുന്നു. റോഡ് അത്രയേറെ മോശം അവസ്ഥയിലായിട്ടും ഇത് എപ്പോൾ ശരിയാക്കുമെന്ന് ഒരു മറുപടി നൽകാൻ പോലും അധികൃതർ തയാറായിരുന്നില്ല.
ഈ അവസരത്തിലാണ് നാട്ടുകാർ ജലവിഭവ വകുപ്പ് മന്ത്രി
റോഷി അഗസ്റ്റിനെ സമീപിക്കാൻ തീരുമാനമെടുത്തത്. മന്ത്രിയുമായി ബന്ധപ്പെട്ട് പരാതി നൽകിയതിനെ തുടർന്ന് ഒരു വർഷം പൊളിച്ചിട്ട റോഡുകൾ ദിവസങ്ങൾക്കകം സഞ്ചാരയോഗ്യമായി.
പുനർനിർമ്മാണം കഴിഞ്ഞ റോഡുകളുടെ ഉദ്ഘാടനകർമ്മം അസോസിയേഷൻ്റെ പ്രസിഡൻ്റ് കെ. എസ്. സുഹൈൽ നിർവ്വഹിച്ചു.കെ.വി. രാജേഷ് (സെക്രട്ടറി), ഹർഷ എം.ദാസ് (ജോ.സെക്രട്ടറി), എക്സി.മെമ്പർമാരായ നാളിനാക്ഷി ടീച്ചർ,സജീവ് കുമാർ, കെ. എസ്. ശ്രീജിത്ത്, മറ്റു മെമ്പർമാരായ കെ.മുഹമ്മദ് ബഷീർ, നാസർ കെ.എസ്, ലുഖ്മാൻ, മുഹമ്മദ് അലി, ഉണ്ണികൃഷ്ണൻ, കുഞ്ഞിമൊയ്തീൻ തുടങ്ങിയവർ ആശംസയർപ്പിച്ചു.
