മൃതദേഹവുമായി കാറിലാണ്, നേരത്തെ ഒപ്പം താമസിച്ചിരുന്ന ആൺസുഹൃത്തായ യുവാവിനെ തേടി ശിൽപ ശനിയാഴ്ച രാവിലെ ഒൻപതരയോടെ ഷൊർണൂരിലെത്തിയത്. കുഞ്ഞിന്‍റെ ശരീരത്തിൽ ക്ഷതങ്ങളില്ലെങ്കിലും മരണം ശ്വാസം മുട്ടിയാണെന്ന ആന്തരിക അവയവ പരിശോധനാഫലവും പോസ്റ്റ്മോർട്ടം റിപ്പോർട്ടുമാണ് കേസിൽ വഴിത്തിരിവായത്.
ജോലിക്കു പോകുന്നതിനു കുഞ്ഞ് തടസ്സമാകുന്നതിനാലായിരുന്നു കൊലപാതകമെന്നാണു ശിൽപയുടെ മൊഴിയെന്നു പൊലീസ് അറിയിച്ചു.
ഇന്നലെ ആന്തരിക അവയവങ്ങളുടെ ശാസ്ത്രീയ പരിശോധന റിപ്പോർട്ട് ലഭിച്ചതോടെയാണ് മരണം കൊലപാതകമാണെന്നു പൊലീസ് ഉറപ്പിച്ചത്.
കുഞ്ഞിനെ കൊലപ്പെടുത്തി എന്ന നിലയിൽ ശിൽപ ശനിയാഴ്ച പുലർച്ചെ ആൺ സുഹൃത്തിന് അയച്ച സന്ദേശവും കേസിൽ നിർണായക തെളിവായി. കൊലപാതകത്തിനു ശേഷം കാർ വാടകയ്ക്ക് എടുത്താണ് കുഞ്ഞിന്‍റെ മൃതദേഹവുമയി ആൺസുഹൃത്തിനെ കാണാൻ ഷൊർണൂരിലെത്തിയത്. യുവാവ് ജോലി ചെയ്തിരുന്ന നഗരത്തിലെ തിയറ്ററിലെത്തിയ യുവതി അവിടെയും പ്രശ്നമുണ്ടാക്കിയിരുന്നു. പിന്നീടാണ് കുഞ്ഞിനെ ഷൊർണൂരിലെ സാമൂഹിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റിയതും മരണം സ്ഥിരീകരിച്ചതും. ഇതോടെ യുവതി കസ്റ്റഡിയിലായി.
അതേസമയം, പോസ്റ്റ്മോർട്ടത്തിൽ ക്ഷതങ്ങൾ കാണാതിരുന്നതും യുവതി ഇടയ്ക്കിടെ മൊഴി മാറ്റിയതും പൊലീസിനെ ആശയക്കുഴപ്പത്തിലാക്കിയിരുന്നു. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് മരണം കൊലപാതകമാണെന്ന് പൊലീസ് ഉറപ്പിച്ചത്. ഷൊർണൂർ ഡിവൈഎസ്പി പി.സി.ഹരിദാസൻ, ഇൻസ്പെക്ടർ ജെ.ആർ.രഞ്ജിത്ത്കുമാർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം
