കോഴിക്കോട്:കൈക്കൂലി വാങ്ങവേ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ.
കോഴിക്കോട് ജില്ലയിലെ പന്നിയങ്കര വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സാനു.സി.കെ 500/-രൂപ കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇന്ന് വിജിലൻസിന്റെ പിടിയിലായത്.
കോഴിക്കോട് ജില്ലയിലെ കല്ലായിസ്വദേശിയായ പരാതിക്കാരന്റെ സുഹൃത്തിന് കേരള സർക്കാരിന്റെ “പുനർ ഗേഹം” പുനരധിവാസ പദ്ധതിയുടെ ഭാഗമായി വീട് നിർമ്മിക്കുന്നതിന് കണ്ടെത്തിയ സ്ഥലത്തിന്റെ ലൊക്കേഷൻ സ്കെച്ചിനു വേണ്ടി കഴിഞ്ഞ വ്യാഴാഴ്ച പന്നിയങ്കര വില്ലേജ് ഓഫീസിൽ അപേക്ഷ നൽകിയിരുന്നു.
അന്നേ ദിവസം വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് സാനുസ്ഥല പരിശോധനക്കായി വരുകയും 500/- രൂപ നൽകിയാലെ സ്കെച്ച് നൽകുകയുള്ളുവെന്ന് അറിയിച്ചതിനെ തുടർന്ന് പരാതിക്കാരന്‍ ഈ വിവരം കോഴിക്കോട് വിജിലന്‍സ് ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് സുനിൽ കുമാർ. ഇ. യെ അറിയിക്കുകയും, അദ്ധേഹത്തിന്റെ നേതൃത്വത്തിലുള്ള വിജിലൻസ് സംഘം കെണിയൊരുക്കി, ഇന്ന് വൈകുന്നേരം 4 മണിയോടെപന്നിയങ്കര വില്ലേജ് ഓഫീസിൽ വച്ച് പരാതിക്കാരനിൽ നിന്നും 500/-രൂപ കൈക്കൂലിവാങ്ങവെ വിജിലൻസ് സംഘംകൈയോടെപിടികൂടുകയുമായിരുന്നു.
അറസ്റ്റ് ചെയ്ത പ്രതിയെ കോഴിക്കോട് വിജിലൻസ് കോടതിയിൽ ഹാജരാക്കും.
വിജിലൻസ് സംഘത്തിൽ ഡി.വൈ.എസ്.പി യെകൂടാതെ ഇൻസ്പെക്ടർമാരായ ശ്രീ. സന്ദീപ് കുമാർ, സബ് ഇൻസ്പെക്ടർമാരായ സുനിൽ, രാധാകൃഷ്ണൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അനിൽ കുമാർ,സീനിയർ സിവിൽ പോലീസ് ഓഫിസറായ അബ്ദുൾ സലാം,സിവിൽ പോലീസ് ഓഫിസർമാരായ രാഹൂൽ, ശ്രീകാന്ത്, ഷൈജിത്ത്, ജയേഷ് തുടങ്ങിയവരും ഉണ്ടായിരുന്നു.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണമെന്ന് വിജിലൻസ് ഡയറ്കടർ ശ്രീ. ടി.കെ.വിനോദ് കുമാർ ഐ.പി.എസ് ജനങ്ങളോട് അഭ്യർത്ഥിച്ചു.
