തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ അടയ്ക്കേണ്ട വസ്തുനികുതിയുടെ പിഴപ്പലിശ 2024 മാർച്ച് 31 വരെ ഒഴിവാക്കി. വസ്തു നികുതി പിരിവ് ഊർജിതപ്പെടുത്തുന്നതിന്റെ ഭാഗമായാണ് നടപടി. വസ്തുനികുതി പരിഷ്കരണം നടപ്പിലാക്കിയ വർഷം എന്ന നിലയിലും ഇളവ് അനിവാര്യമാണെന്നാണ് സർക്കാർ വിലയിരുത്തുന്നത്. പരമാവധി പേർ വസ്തുനികുതി കുടിശിക അടച്ചുതീർക്കുന്നതിന് ഈ ഇളവ് സഹായിക്കും. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ വികസനപ്രവർത്തനങ്ങള്‍ക്ക് ഇത് പ്രയോജനപ്പെടും. ഇതിനകം തന്നെ വസ്തുനികുതിയോടൊപ്പം പിഴപ്പലിശ അടച്ചവർക്ക്, അടുത്ത വർഷത്തെ വസ്തുനികുതിയിൽ ഈ തുക ക്രമീകരിച്ചു നൽകുന്നതാണ്.
ഈ വർഷത്തെ മാത്രമല്ല, മുൻവർഷങ്ങളിലെ വസ്തുനികുതി കുടിശികയും പിഴപ്പലിശ ഇല്ലാതെ അടയ്ക്കാനാവും. വർഷങ്ങളായി നികുതി അടയ്ക്കാതെ വലിയ തുക കുടിശിക വരുത്തിയവരുണ്ട്. ഇത്തരക്കാർക്കും ഈ സൌകര്യം പ്രയോജനകരമാണ്. ആറ് മാസത്തിലൊരിക്കലാണ് നിലവിൽ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ വസ്തുനികുതി അടയ്ക്കേണ്ടത്. നിശ്ചിത സമയത്തിനകം നികുതി ഒടുക്കിയില്ലെങ്കിൽ മാസം 2% എന്ന നിരക്കിൽ പിഴപ്പലിശ ചുമത്തുന്നു. ഈ തുകയാണ് സർക്കാർ ഇളവ് നൽകിയിരിക്കുന്നത്. നികുതി കുടിശിക പിഴപ്പലിശ ഇല്ലാതെ അടയ്ക്കാനാകുന്ന ഈ സൌകര്യം പരമാവധി പേർ ഉപയോഗിക്കണമെന്ന് അഭ്യർഥിക്കുകയാണ്.
