കുന്ദമംഗലം : സ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ യുവാവിനെ കുന്ദമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. മുക്കം നീലേശ്വരം സ്വദേശി മണപ്പാട്ട് അശ്വിൻ സുരേഷ് (25) ആണ് അറസ്റ്റിലായത്.
2021 മുതല്‍ പരാതിക്കാരിയുമായി പരിചയമുള്ള ഇയാള്‍ പല തവണയായി നാലു ലക്ഷം രൂപ കൈവശപ്പെടുത്തിയെന്നും തുക തിരിച്ചുനല്‍കാമെന്ന് പറഞ്ഞ് മെഡിക്കല്‍ കോളജിനടുത്തുള്ള ലോഡ്ജിലെത്തിച്ച് നിരവധി തവണ പീഡിപ്പിച്ചു എന്നുമാണ് പരാതി.
പരാതിക്കാരിയുടെ സ്വർണവള പിടിച്ചെടുക്കുകയും നഗ്നചിത്രങ്ങള്‍ പരസ്യപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയില്‍ പറയുന്നു. സ്വകാര്യ ബസില്‍ കണ്ടക്ടറായി ജോലിചെയ്യുന്ന പ്രതിയെ മാവൂരില്‍നിന്ന് അറസ്റ്റ് ചെയ്തു. കുന്ദമംഗലം പൊലീസ് സർക്കിള്‍ ഇൻസ്‌പെക്ടർ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
