ആംബുലൻസ് ഡ്രൈവർ പിറവന്തൂർ കറവൂർ വിഷ്ണു വിലാസത്തിൽ വിഷ്ണു, ആര്യങ്കാവ് കഴുതുരുട്ടി പ്ലാമൂട്ടിൽ വീട്ടിൽ നസീർ എന്നിവരാണ് അറസ്‌റ്റിലായത്. പത്തനാപുരം പിടവൂരിൽ വച്ച്, ഇവർ സഞ്ചരിച്ച ആംബുലൻസിനെ പിന്തുടർന്നെത്തി പൊലീസ് പിടികൂടുകയായിരുന്നു. ആംബുലൻസിൽ രണ്ട് കെട്ടുകളായി സൂക്ഷിച്ചിരുന്ന നാലു കിലോ കഞ്ചാവ് കണ്ടെടുത്തു. ഏറെ നാളായി ഇവരെ നിരീക്ഷിക്കുകയായിരുന്നു പൊലീസിന്‍റെ ടാൻസാഫ് സംഘം.
കൊട്ടാരക്കരയിൽ നിന്ന് പുനലൂരിലേക്ക് കഞ്ചാവ് എത്തിക്കാനായിരുന്നു ശ്രമം.പിടവൂരിൽ വച്ച് പൊലീസ് സംഘം ആംബുലൻസ് വളഞ്ഞ് ലഹരിസംഘത്തെ പിടികൂടി. കൊട്ടാരക്കരയിൽ നിന്ന് പുനലൂർ വരെ കഞ്ചാവ് എത്തിച്ചാൽ ഇരുപതിനായിരം രൂപ ലഭിക്കുമെന്നാണ് ഇടനിലക്കാർ വിഷ്ണുവിനോട് പറഞ്ഞത്. വിഷ്ണുവിന് കഞ്ചാവ് നൽകിയ ഇടനിലക്കാരെ കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം തുടങ്ങി.
പുനലൂർ താലൂക്ക് ആശുപത്രിക്കു മുന്നിൽ ആംബുലൻസ് ഡ്രൈവറായി സേവനം ചെയ്യുന്നയാളാണ് വിഷ്ണു. കഴിഞ്ഞ പത്തു വർഷമായി ഹാർട്ട്ലൈൻ എന്ന പേരുള്ള ആംബുലൻസിൻ്റെ ഡ്രൈവറാണ്. കൂലിപ്പണി ചെയ്യുന്ന നസീറിൻ്റെ ഇടപാടുകളെ കുറിച്ചും പൊലീസ് അന്വേഷിക്കുന്നു.
