കട്ടിപ്പാറ:
കേരളത്തെയും വിശിഷ്യ കട്ടിപ്പാറയെയും സംബന്ധിച്ചിടത്തോളം അതിജീവനത്തിന്‍റെയും വീണ്ടെടുപ്പിന്‍റെയും വര്‍ഷമായിരുന്നു കഴിഞ്ഞു പോയ സാമ്പത്തിക വര്‍ഷം.
കേന്ദ്രഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്നും തൊഴിലുറപ്പ് പദ്ധതിയിലെ ഫണ്ട് ലഭ്യത കുറവും കേരള ഗവണ്‍മെന്‍റിന്‍റെ ഭാഗത്ത് നിന്ന് മെയിന്‍റനന്‍സ് ഗ്രാന്‍റ് ഉള്‍പ്പെടെ കുറവ് വരുത്തിയിട്ടും ഉദ്ദേശിച്ച പദ്ധതികളെല്ലാം യാഥാര്‍ത്യമായിവരുന്നു എന്നത് സന്തോഷം പ്രദമാണ്.
കോവിഡും നോട്ടു നിരോധനവും ഉള്‍പ്പെടെയുള്ള വെല്ലു വിളികളെ ധീരമായി അഭിമുഖീകരിച്ച നമ്മള്‍ വളര്‍ച്ചയുടെയും അഭിവൃദ്ധിയുടെയും പാതയിലൂടെ കടന്നുപോകുകയാണ്.
തികച്ചും മലയോര കുടിയേറ്റ പ്രദേശമായ ഒരു പഞ്ചായത്താണ് നമ്മുടേത്. കാര്യമായ വ്യവസായ സംരഭങ്ങളോ , പൊതുമേഖല സ്ഥാപനങ്ങളോ ഇല്ലാത്തത് നമ്മുടെ വരുമാന കുറവിന്‍റെ കാതലായ കാരണങ്ങളില്‍ ഒന്നാണ്.
ഗ്രാമപഞ്ചായത്തിന്‍റെ വരുമാന വര്‍ദ്ധനവിന് പുതിയ വ്യവസായ സംരംഭങ്ങളും മറ്റു ധനാഗമന മാര്‍ഗ്ഗങ്ങളും പരമാവധി ഉപയോഗപ്പെടുത്തി ഫണ്ട് സമാഹരണത്തിനുള്ള ശ്രമങ്ങള്‍ നടത്തുന്നു. തനത് വരുമാനം വര്‍ദ്ധിപ്പിക്കുന്നതിന് ആവശ്യമായ പദ്ധതികളും പ്രവര്‍ത്തികളും വരും സാമ്പത്തിക വര്‍ഷങ്ങളില്‍ നടപ്പിലാക്കുവാന്‍ പദ്ധതികള്‍ തയ്യാറാക്കിയിട്ടുണ്ട്.
പഞ്ചായത്തിന്‍റെ തനത്ഫണ്ട് വര്‍ദ്ധിപ്പിക്കുന്നതിനും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിനും ഫാം ടൂറിസം, ഇക്കോ ടൂറിസം , അഡ്വഞ്ചര്‍ ടൂറിസം എന്നിവ സംയോജിപ്പിച്ച് 60 കോടി പൊതു-സ്വകാര്യ മേഖലകളില്‍ നിക്ഷേപം നടത്തുവാനും അതുവഴി അധികവരുമാനം പ പഞ്ചായത്തിന് ലഭിക്കുന്നതിനും പദ്ധതി ആവിഷ്കരിച്ചിട്ടുണ്ട്. ആയതിനാവശ്യമായ വിശദമായ പദ്ധതി റിപ്പോര്‍ട്ട് തയ്യാറാക്കുന്നതിന് 4 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി വഴി 7,00,00,000 രൂപ വരവ് ഇനത്തില്‍ ഉണ്ടാകുമെന്നും 5,00,00,000 രൂപ റവന്യു ചെലവും 2,00,00,000 രൂപ ആസ്തി സൃഷ്ടിക്കുന്നതിന് ഉപയോഗിക്കുവാനും സാധിക്കും..
നിലവില്‍ നമ്മുടെ ഗ്രാമപഞ്ചായത്തിന്‍റെ തനത് വരുമാനമാര്‍ഗ്ഗങ്ങളായ വസ്തുനികുതി , തൊഴില്‍ നികുതി , ലൈസന്‍സ് ഫീ എന്നീ ഇനങ്ങളില്‍ റവന്യൂ വരവായി 59,00,000 രൂപ ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. നികുതിയേതര വരുമാന ഇനത്തില്‍ വിവധ രജിസ്ട്രേഷന്‍ ലൈസന്‍സ്, പെര്‍മിറ്റ്, മറ്റുസേവനങ്ങള്‍ ഫീസുകള്‍ , ബാങ്ക് പലിശ, ഡിപ്പോസിറ്റുകള്‍ ഉള്‍പ്പെടെ 43,55,000/- രൂപ നികുതിയേതര വരുമാന ഇനത്തിലും കൂടാതെ ജനറല്‍ പര്‍പ്പസ് ഫണ്ടായി 1,50,00,000/- രൂപയും ലഭ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു. പദ്ധതി ചിലവുകള്‍ക്കുമായി ജനറല്‍ , എസ്.സി.പി, ടിഎസ്പി, ധനകാര്യ കമ്മീഷന്‍ ഗ്രാന്‍റ് എന്നീ ഇനങ്ങളില്‍ 3,52,98,000/- ഗ്രാമപഞ്ചായത്തിന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.സംയുക്ത പ്രൊജക്ടുകള്‍ക്കായി ജില്ലാ, ബ്ളോക്ക് പഞ്ചായത്തുകളില്‍ നിന്നും 77,00,000/- രൂപ ലഭിക്കുമെന്നും മെയിന്‍റന്‍സ് ഗ്രാന്‍റ് റോഡ് ഇനത്തില്‍ 19271000/- രൂപയും റോഡിതര ഇനത്തില്‍ 4159000/- രൂപയും 2024-25 സാമ്പത്തിക വര്‍ഷം ഗ്രാമപഞ്ചായത്ത് പ്രതീക്ഷിക്കുന്നു.ലൈഫ് പദ്ധതിക്കായി ലോണ്‍ ഇനത്തില്‍ 5000000 രൂപയും പ്രതീക്ഷിക്കുന്നു
മൊത്തം പദ്ധതി – പദ്ധതിയേതര , റവന്യൂഗ്രാന്‍റ് , മൂലധന ഇനത്തില്‍ 23,22,94,614- രൂപ വരവായി ഗ്രാമപഞ്ചായത്തിന് ലഭ്യമാകുമെന്ന് ഈ ബജറ്റ് വിഭാവനം ചെയ്യുന്നു . ഭരണഘടന സ്ഥാപനമായ ഗ്രാമപഞ്ചായത്തിന് അനിവാര്യമായ ചുമതലകള്‍ക്ക് തുക വകയിരുത്തേണ്ടതുണ്ട്. ജീവനക്കാരുടെ ശമ്പളം ,യാത്രാ ആനുകൂല്യങ്ങള്‍, ജനപ്രതിനിധികള്‍ക്കുള്ള ഹോണറേറിയം, സിറ്റിംഗ് ഫീസ്, യാത്രാ ബത്ത എന്നിവ ഉള്‍പ്പെടെ ഓഫീസ് ചിലവുകള്‍ ,വിട്ടുകിട്ടിയ സ്ഥാപനങ്ങളിലെ ഭരണ ചിലവുകള്‍, അച്ചടി, പരസ്യം, അടിയന്തിര ചിലവുകള്‍, പഞ്ചായത്തിലെ തെരുവ് വിളക്കുകളുടെ വൈദ്യുതി ചാര്‍ജ്ജ് തുടങ്ങിയ അനിവാര്യ ചുമതലകള്‍ക്കായി 1,94,84,500/- രൂപയം നീക്കി വെച്ചിട്ടുണ്ട്.
നമ്മുടെ സാമ്പത്തിക മേഖലയുടെ നട്ടെല്ല് കാര്‍ഷിക മേഖലയാണ്. ഈ മേഖലയുടെ സുസ്ഥിര വികസനത്തിന് വിജയകരമാകുന്ന തരത്തില്‍ പദ്ധതികള്‍ കണ്ടെത്തുവാനും നെല്‍കൃഷി, തെങ്ങ്കൃഷി , പച്ചക്കറികള്‍, സുഗന്ധവ്യഞ്ജന കൃഷി വ്യാപനം തുടങ്ങിയവക്ക് പ്രാധാന്യവും നല്‍കി ഉല്‍പാദന മേഖലയിലെ ചിലവുകള്‍ക്കായി 11674950/- രൂപ വകയിരുത്തിയിട്ടുണ്ട്.
സ്വന്തമായി തലചായ്ക്കാന്‍ ഒരിടം എന്ന ഏതൊരു വ്യക്തിയുടെയും സ്വപ്നം സാക്ഷാത്കരിക്കുന്നതിന് ലൈഫ് മിഷന്‍, വീട് വാസയോഗ്യമാക്കല്‍ എന്നീ ഭവന നിര്‍മ്മാണ പദ്ധതികള്‍ക്കായി 26346000/- രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ട് വരിക എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സംരഭങ്ങള്‍ ആരംഭിക്കുന്നതിനായി 16,25,000/- രൂപ വകയിരുത്തുകയും, സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിനായി ജാഗ്രത സമിതികള്‍ ശാക്തീകരിക്കുന്നതിനും ബജറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നാളെയുടെ ഭാവിവാഗ്ദാനങ്ങളായ കുട്ടികളുടെ ആരോഗ്യം, പോഷണം, വിദ്യാഭ്യാസം, സംരക്ഷണം, പങ്കാളിത്തം എന്നിവ ഉറപ്പ് വരുത്തുന്നതിനായും നമ്മുടെ കുട്ടികളുടെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്ന തരത്തില്‍ ഭൌതിക സാഹചര്യങ്ങള്‍ മാറ്റിയെടുക്കുന്നതിനായി സ്കൂളുകളുടെ അടിസ്ഥാന വികസനത്തിന് തുക വകയിരിത്തിയിട്ടുണ്ട്.
ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന 23 അങ്കണവാടികളില്‍ കുടിവെള്ളം, ചുറ്റുമതില്‍ , ടോയ്ലറ്റ്, റോഡുകള്‍ തുടങ്ങിയ ഭൌതിക സാഹചര്യങ്ങള്‍ ആവശ്യമായവക്ക് വേണ്ടി പദ്ധതികള്‍ നടപ്പിലാക്കി വരുന്നു. ശിശു ക്ഷേമ പരിപാടികളുടെ ഭാഗമായി അംഗനവാടി പോഷകാഹാര പദ്ധതിക്കായി 40,00,000/- രൂപ നീക്കി വച്ചിട്ടുണ്ട്.
ശാരീരീക മാനസിക വെല്ലുവിളികള്‍ നേരിടുന്നവരുടെ ക്ഷേമത്തിനായി 28,41,664/- രൂപ ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ആകെ സേവന മേഖലയിലെ റവന്യൂ ചിലവുകള്‍ക്കായി 9,23,33,664/- രൂപയുടെ വകയിരുത്തലുകളാണ്. ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് .
2018 ലെ കരിഞ്ചോല ദുരന്തം നമുക്കേവര്‍ക്കും ഒരു ദു:ഖ കാലമാണ്. ഇത്തരം സാഹചര്യങ്ങളെ അതിജീവിക്കുന്നതിനും യഥാസമയം പ്രവര്‍ത്തിക്കുന്നതിനും ഒരു കര്‍മ്മസേനയെ പ്രവര്‍ത്തന ക്ഷേമമാക്കുന്നതിന് പരിശീലനം നല്‍കുന്നതിനും ഉപകരണങ്ങള്‍ വാങ്ങുന്നതിനും പ്രാധാന്യം നല്‍കി ഫണ്ട് ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ കാലങ്ങളില്‍ ജനപ്രതിനിധികളുടെയും, പൊതുജനങ്ങളുടെയും , ജീവനക്കാരുടെയും പിന്തുണയും പ്രവര്‍ത്തനവും കൊണ്ട് മാത്രമാണ് ഇതുവരെയുള്ള നേട്ടങ്ങള്‍ കൈവരിക്കുവാന്‍ സാധിച്ചിട്ടുള്ളത്.
കട്ടിപ്പാറ ഗ്രാമപഞ്ചായത്തിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ പിന്തുണ നല്‍കുന്നതിനായി പ്രാരംഭ ബാക്കി ഉള്‍പ്പടെ 24,48,01,698 രൂപ വരവും 23,23,37,114 രൂപ ചെലവും 1,24,64,584 രൂപ നീക്കിയിരിപ്പും പ്രതീക്ഷിച്ചു കൊണ്ടാണ് ഭരണ സമിതി മുമ്പാകെ ബജറ്റ് അവതരിപ്പിച്ചത്.
2024 - 25 വർഷത്തെ ബഡ്ജറ്റ് 01/02/24 നു അവതരിപ്പിച്ചത് പഞ്ചായത്ത് പ്രസിഡണ്ട് പ്രേംജി ജെയിംസ് ആണ്.
സ്റ്റാന്റിങ്ങ് കമ്മറ്റി ചെയർമാൻമാരായ അനിൽ ജോർജ്, അഷ്റഫ് പൂലോട്, സെക്രട്ടറി ഗിരീഷ് കുമാർ, ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
