വിഡിയോകോളിലൂടെ കെണിയൊരുക്കുന്ന എട്ടംഗസംഘം പിടിയിലായി. ഹരിയാനയിലെ ഭിവാനിയിൽ 36.84 ലക്ഷം രൂപ നഷ്ടപ്പെട്ടയാൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് സംഘം പിടിയിലായത്. വിവിധ സംസ്ഥാനങ്ങളിലായാണ് സംഘം തട്ടിപ്പ് നടത്തിയത്. മൂന്ന് കോടിയോളം രൂപ ഇവര്‍ ഇരകളുടെ കയ്യില്‍ നിന്നും ഭീഷണിപ്പെടുത്തി വാങ്ങിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
വാട്സാപ്പിലേക്ക് വിഡിയോകോള്‍ ചെയ്താണ് തട്ടിപ്പിന്റെ തുടക്കം. കോള്‍ എടുത്ത ഉടന്‍ ഒരു യുവതി വസ്ത്രമഴിക്കുന്ന ദൃശ്യമാണ് കണ്ടത്. അത്രയും ഭാഗം റെക്കോര്‍ഡ് ചെയ്ത ശേഷം ഫോണ്‍ കട്ട് ചെയ്യും. ഇവിടെ എന്താണ് സംഭവിച്ചതെന്നറിയാത്ത ഇരയുടെ ദൃശ്യങ്ങള്‍ അല്‍പസമയത്തിനകം വാട്സാപ്പില്‍ തിരികെ ലഭിക്കും. നഗ്നയായ യുവതിയുെട അടുത്ത് ഇരകള്‍ നില്‍ക്കുന്ന ദൃശ്യം കാണിച്ചാണ് പിന്നീടുള്ള ഭീഷണി.
പിന്നെ പൊലീസിന്റെ പേരിലും ഭീഷണി തുടര്‍ന്നു. സിബിഐ ഉദ്യോഗസ്ഥരാണെന്നു പറഞ്ഞും ഭീഷണി തുടര്‍ന്നു. അവരാവശ്യപ്പെടുന്ന തുക നല്‍കണമെന്നതാണ് ആവശ്യം. ഈ തുക കിട്ടിയില്ലെങ്കില്‍ വിഡിയോ പുറത്തുവരുമെന്നും പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെട്ടു. പരാതിക്കാരന് ഭീഷണി സഹിക്കാന്‍ പറ്റാതായതോടെ രണ്ടു തവണയായി 36 ലക്ഷത്തോളം പണം തട്ടിപ്പുസംഘത്തിനു കൈമാറി.
ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 20 ലക്ഷം കൂടി വേണമെന്നാവശ്യപ്പെട്ടതോടെയാണ് ഇയാള്‍ വീട്ടുകാരെ വിവരം അറിയിച്ച് പൊലീസില്‍ പരാതി നല്‍കിയത്. ഫോണിലേക്കു കോളുകൾ വന്ന മൊബൈൽ നമ്പറുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ രാജസ്ഥാനിലെ ദീഗ് ജില്ലയിൽ നിന്നാണ് 8 പേരെ അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നു തട്ടിപ്പിനുപയോഗിച്ച 19 മൊബൈൽ ഫോണുകൾ പിടിച്ചെടുത്തെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും ഭിവാനി എസ്പി വരുൺ സിംഗ്ല പറഞ്ഞു
