Trending

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട; 3300 കിലോ ലഹരിമരുന്ന് പിടികൂടി






ഗുജറാത്ത് തീരത്ത് നാവികസേനയുടെ നേതൃത്വത്തില്‍ വന്‍ ലഹരിവേട്ട. രാജ്യാന്തര സമുദ്രാതിര്‍ത്തിക്ക് സമീപം ബോട്ടില്‍ നിന്ന് 3,300 കിലോ ലഹരിമരുന്ന് പിടികൂടി. പിടിയിലായ അഞ്ചുപേര്‍ ഇറാന്‍, പാക്കിസ്ഥാന്‍ സ്വദേശികളെന്നാണ് സൂചന. രാജ്യം അടുത്തിടെ കണ്ട വലിയ ലഹരി വേട്ടകളിലൊന്നാണിത്. 

ഇന്നലെ വൈകിട്ട് നാവികസേനയും എന്‍സിബി അടക്കമുള്ള ഏജന്‍സികളും നടത്തിയ സംയുക്ത പരിശോധനയിലാണ് ഗുജറാത്ത് തീരത്ത് സംശയാസ്പദമായ ഒരു ബോട്ട് കണ്ടെത്തുന്നത്. രാജ്യാന്തര സമുദ്രാതിര്‍ത്തിക്ക് സമീപമായിരുന്നു ഇത്. ബോട്ടില്‍ നിന്ന് 3,300കിലോ ലഹരിമരുന്ന് പിടിച്ചു. ഇതിലുണ്ടായിരുന്ന അഞ്ചുപേര്‍ ഇറാന്‍ പാക്കിസ്ഥാന്‍ പൗരന്‍മാരെന്നാണ് സൂചന. 30,89 കിലോ ചരസ്, 158 കിലോ മെത്താംഫെറ്റാമൈന്‍, 25 കിലോ മോര്‍ഫിന്‍ എന്നിങ്ങനെയാണ് പിടികൂടിയത്. ഇതിന് 2000 കോടി രൂപയിലധികം വിലവരും.‌ പ്രതികളെ പോര്‍ബന്ധറില്‍ എത്തിച്ച് എടിഎസ് അടക്കമുള്ള ഏജന്‍സികള്‍ ചോദ്യംചെയ്യുകയാണ്. ലഹരിയുടെ ഉറവിടവും രാജ്യാന്തര ബന്ധങ്ങളും അന്വേഷിക്കുന്നുണ്ട്. ഇത് ശ്രീലങ്കയിലേക്ക് കടത്താനായിരുന്നു ശ്രമമെന്നും സൂചനകളുണ്ട്. അടുത്തിടെ രാജ്യംകണ്ട വലിയ ലഹരിവേട്ടകളിലൊന്നാണിത്. 2022ല്‍ ഗുജറാത്തിലെ മുന്ദ്ര തുറമുഖത്ത് നിന്ന് 2,988 കിലോ ഹെറോയിന്‍ പിടിച്ചിരുന്നു. രാജ്യത്തെ ലഹരിമുക്തമാക്കാനുള്ള ശ്രമം കരുത്തോടെ മുന്നോട്ടുപോകുകയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പ്രതികരിച്ചു

Post a Comment

Previous Post Next Post