Trending

കൊച്ചിയില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്ന പ്രതി തൊടുപുഴയില്‍ പിടിയില്‍





കോടതിയിലേക്ക് കൊണ്ടുപോകുന്നതിനിടെ കൊച്ചിയില്‍ നിന്ന് പൊലീസിനെ വെട്ടിച്ച് കടന്ന പ്രതി തൊടുപുഴയില്‍ പിടിയില്‍. ആലുവ മുപ്പത്തടം സ്വദേശി ഷിയാസിനെയാണ് മരട് പൊലീസും തൊടുപുഴ എക്സൈസും ചേര്‍ന്ന് പിടികൂടിയത്. കൈവിലങ്ങുമായി കടന്ന ഷിയാസ് വൈറ്റിലയില്‍ നിന്ന് മോഷ്ടിച്ച ബൈക്കിലാണ് ജില്ല വിട്ടത്.
 



മഹാരാജാസ് കോളജില്‍ നിര്‍മാണം പുരോഗമിക്കുന്ന കെട്ടിടത്തില്‍ മോഷണം നടത്തിയ കേസിലാണ് ഷിയാസ് കൊച്ചി സെന്‍ട്രല്‍ പൊലീസിന്‍റെ പിടിയിലായത്. റിമാന്‍ഡിലായ ഷിയാസിനെ വിയ്യൂര്‍ ജയിലിലേക്കയച്ചു. മോഷണ കേസിന്‍റെ തുടര്‍ നടപടികളുടെ ഭാഗമായി ചൊവ്വാഴ്ച കോടതിയില്‍ ഹാജരാക്കാനെത്തിച്ചപ്പോഴാണ് ഷിയാസ് രക്ഷപ്പെട്ടത്. വൈറ്റില ബസ് സ്റ്റാന്‍ഡിലെത്തിയതിന് പിന്നാലെ ഷിയാസ് ഒപ്പമുണ്ടായിരുന്ന രണ്ട് പൊലീസുകാരെ കബളിപ്പിച്ച് കടന്നു. 

കൈവിലങ്ങുമായി മതിലും പൊന്തക്കാടും ചാടികടന്ന ഷിയാസ് വൈറ്റില ഹബിന് സമീപത്തെ വീട്ടില്‍ നിന്ന് ബൈക്കും മോഷ്ടിച്ച് നേരെ തൊടുപുഴയിലേക്ക് വെച്ച്പിടിച്ചു. മറ്റൊരു മോഷണകേസില്‍പ്പെട്ട് ജയിലില്‍ കഴിഞ്ഞ വേളയിലാണ് തൊടുപുഴ സ്വദേശിയുമായി പരിചയത്തിലാകുന്നത്. ഇയാളെ കണ്ടെത്തിയ പൊലീസ് ഷിയാസ് തൊടുപുഴ പരിസരത്തുണ്ടെന്ന് ഉറപ്പിച്ചു. തൊമ്മന്‍കുത്ത് വെള്ളച്ചാട്ട പരിസരത്തായിരുന്ന പ്രതി യാദൃശ്ചികമായി എക്സൈസിന്‍റെ പിടിയിലായി. പൊതുസ്ഥലത്ത് സിഗരറ്റ് വലിക്കുന്നത് കണ്ട് എക്സൈസ് ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു. കയ്യിലെകെട്ട് കണ്ട് സംശയം തോന്നി നോക്കിയപ്പോള്‍ കൈവിലങ്ങും കണ്ടെത്തി ഇതോടെ ഷിയാസിനെ പൊലീസിനെ ഏല്‍പ്പിച്ചു.  ഷിയാസിനെതിരെ എറണാകുളം ജില്ലയിലെ മറ്റ് സ്റ്റേഷനുകളിലും കേസുകളുണ്ട്

Post a Comment

Previous Post Next Post