വല്ലാത്ത ഉന്മാദാവസ്ഥയാണ് ഇത് ഉപയോഗിച്ചാൽ അനുഭവപ്പെടുക. ദീർഘനേരം ഇത് ഉപയോഗിച്ചാൽ ഉന്മാദാവസ്ഥയിലായിരിക്കും. മാനസിക വികാരങ്ങൾ അമിതമായി വർധിപ്പിക്കുകയാണ് എംഡിഎ ചെയ്യുന്നത്. ആറുമുതൽ എട്ട് മണിക്കൂർ വരെയാണ് ഇതിന്റെ പ്രവർത്തനം. 160 മില്ലീഗ്രാമിൽ കൂടുതൽ ഉള്ളിൽ ചെന്നാൽ മരണം വരെ സംഭവിച്ചേക്കാം.
സെറോടോണിൻ, ഡോപമിൻ, എപ്പിനെഫ്രിൻ, നോറെപ്പിനെഫ്രിൻ തുടങ്ങിയ ഹോർമോണുകൾ ഈ മയക്കുമരുന്ന് ഉപയോഗിക്കുന്നതിലൂടെ കൂടുതലായി ശരീരത്തിൽ ഉത്പാദിപ്പിക്കപ്പെടുന്നതിനാൽ കാരണമൊന്നുമില്ലാതെ തന്നെ ഉല്ലാസം അനുഭവപ്പെടുകയും ചെയ്യും. ലവ് ഡ്രഗ് എന്ന ഓമനപ്പേരിലാണ് ലോകത്ത് ഇത് അറിയപ്പെടുന്നത്.
1910 ൽ സി. മാന്നിച്ച്, ഡബ്ലിയു. ജേക്കബ്ഷോൺ എന്നീ ശാസ്ത്രജ്ഞരാണ് എം.ഡി.എ ഉത്പാദിപ്പിച്ചത്. 1941 ൽ ഇതിനെ പാർക്കിസൺ ചികിത്സക്കായി ഉപയോഗിച്ചിട്ടുണ്ട്. 1960 ലാണ് എംഡിഎ മാനസിക രോഗ ചികിത്സയുടെ ഭാഗമായി പ്രചാരത്തിലെത്തുന്നത്. ചിലയിടത്ത് ഇത് ഇപ്പോഴും ചികിത്സക്കായി ഉപയോഗിക്കുന്നുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതിന്റെ ഉത്പാദനം, വിതരണം, വിൽപ്പന, ഉപയോഗം എന്നിവ മിക്ക രാജ്യങ്ങളും നിയന്ത്രിച്ചിട്ടുള്ളതാണ്.
സ്ഥിരമായി ഉപയോഗിച്ചാൽ നാഡികളുടെ പ്രവർത്തനത്തെ സാരമായി ബാധിക്കുകയും നാഡികളുടെ നാശത്തിന് കാരണമാകുകയും ചെയ്യും. ശരീരത്തിന്റെ ഉപാപചയ പ്രവർത്തനങ്ങൾ ഇതുമൂലം താളം തെറ്റും. ഉപയോഗം അധികമായാൽ അസ്വസ്ഥത, അമിതമായി വിയർക്കുക, ശരീരത്തിന് തളർച്ച അനുഭവപ്പെടുക, രക്തസമ്മർദ്ദവും ഹൃദയമിടിപ്പും അമിതമായി വർധിക്കുക, ശരീര താപം വർധിക്കുക, ശരീരം കോച്ചിപ്പിടിക്കുക തുടങ്ങിയ അവസ്ഥകൾ ഉണ്ടാകും.
ശ്രദ്ധിച്ചില്ലെങ്കിൽ മരണം വരെ സംഭവിക്കാം. എംഡിഎം ഉപയോഗത്തെ തുടർന്ന് ഉണ്ടാകുന്ന മരണം കൂടുതലും ഹൃദയത്തിന്റെ പ്രവർത്തനം നിലയ്ക്കുന്നതു മൂലമാണ്. കൂടാതെ തലച്ചോറിൽ രക്തസ്രാവവും ഉണ്ടാകും. മരണത്തിൽ നിന്ന് രക്ഷപ്പെട്ടാലും പക്ഷാഘാതം, ഓർമക്കുറവ് എന്നിവ സംഭവിക്കാം.
