ആലുവ: 'മനുഷ്യർക്കിടയിൽ മതിൽക്കെട്ടുകൾ വേണ്ട' എന്ന പ്രമേയത്തിൽ ജീലാനീ സ്റ്റഡീ സെന്റർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച നബിദിന മഹാറാലി കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം ജംഗ്ഷനിൽ സൂഫീ ഗുരു നാഇബ് ഖുത്ബുസ്സമാൻ ഡോ. ശൈഖ് നിസാമുദ്ദീൻ സുൽത്താൻ ശാഹ് ഖാദിരീ ചിശ്‌ത്തീ ഫ്‌ളാഗ് ഓഫ് ചെയ്തു. സാമുദായികമായ കലഹങ്ങളും മാത്സര്യവും നിർത്തിവച്ച് മനുഷ്യ നന്മ ഉറപ്പാക്കാൻ വ്യത്യസ്തത മതസമൂഹങ്ങൾ ഒന്നിച്ചു നിൽക്കണമെന്ന് ഗുരു നാഇബ് ഖുത്ബുസ്സമാൻപ്രസ്താവിച്ചു. വിഘടന വാദങ്ങളും തീവ്രവാദവും രാജ്യ പുരോഗതിക്കും ലോക സമാധാനത്തിനും തടസമാണെന്നും, ഗുരു ഖുത്ബുസ്സമാൻ കാണിച്ചു തന്ന പ്രവാചക ജീവിത മാതൃകയാണ് ബഹുസ്വര സമൂഹത്തിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. ജീലാനീ സ്റ്റഡീ സെന്റർ പ്രസിഡന്റ് ശൈഖ് അഹ്മദ് കബീർ സുൽത്താൻ ഖാദിരീ, വൈസ് പ്രസിഡന്റ് അക്ബറലി സുൽത്താൻ, ഖമറലി ദർവേശ് സുൽത്താൻ ഫ്‌ളാഗ് ഓഫ് ചടങ്ങിൽ സംബന്ധിച്ചു. രാഷ്ട്രീയ സാംകാരിക പ്രവർത്തകരും കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമെത്തിയ കലാ-വാദ്യ സംഘങ്ങളും പങ്കെടുത്ത ജീലാനീ നബിദിന റാലി ജനബാഹുല്യം കൊണ്ടും വിവിധ മതവിശ്വാസികളുടെ പങ്കാളിത്തം കൊണ്ടും ശ്രദ്ധേയമായി.
ഗൗസിയ്യാ സുന്നീ ജംഇയ്യത്തുൽ ഉലമ കേന്ദ്ര കമ്മിറ്റി അംഗങ്ങളും ആലുവ നിസാമിയ്യാ ഇൻസ്റ്റിറ്റ്യൂട്ട് വിദ്യാർത്ഥികളും ജീലാനീ സ്റ്റഡീ സെന്റർ നടത്തിയ റാലിയുടെ ഭാഗമായി. ആലുവാ-ദേശത്തെ 'ഖുത്ബുസ്സമാൻ ജീലാനീ ശരീഫി'ൽ പതിനായിരത്തിലേറെ ആളുകൾ പങ്കെടുത്ത മഖാം സിയാറത്ത്- മാസാന്ത സൂഫീ പ്രാർത്ഥനാ സംഗമത്തോടെ മഹാറാലി സമാപിച്ചു.
