Trending

മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് സലീം മടവൂരിന്.





ഭാരത് ഹ്യൂമൻ ഡെവലപ്മെന്റ് സെന്റർ , ചാരിറ്റബിൾ ട്രസ്റ്റ് ( രജി നമ്പർ 195/2010)ന്റെ  മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് സലീം മടവൂരിന്.
ഈ വർഷത്തെ ഭാരത് ഹ്യൂമൻ ഡെവലപ്മെന്റ് സെന്റർ , ചാരിറ്റബിൾ ട്രസ്റ്റ് ന്റെ  മികച്ച സാമൂഹ്യ പ്രവർത്തകനുള്ള അവാർഡ് സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ സജീവ സാന്നിധ്യവും എൽ.ജെ. ഡി. സംസ്ഥാന ജനറൽ സെക്രട്ടറിയുമായ സലീം മടവൂരിന് നൽകുമെന്ന് ട്രസ്റ്റ് പ്രസിഡണ്ട് കരീം പുതു പാടിയും സെക്രട്ടറി ടി.എം അബ്ദുറഹിമാനും അറിയിച്ചു.  ആകാശവാണി  വയലും വീടും പരിപാടിയുടെ ഉപജ്ഞാതായിരുന്ന എഴുത്തുകാരൻ മുരളീധരൻ തഴക്കര , പ്രമുഖ പത്രപ്രവർത്തകനും എഴുത്തുകാരനുമായ എ.സജീവൻ , കോഴിക്കേട് മെഡി. കോളേജ് മുൻ പ്രിൻസിപ്പൽ ഡോ: വി.ആർ രാജേന്ദ്രൻ എന്നിവരടങ്ങിയ ജൂറിയാണ് അവാർഡ് ജേതാവിനെ തിരഞ്ഞെടുത്തത്. പതിനായിരം രൂപയും പ്രശസ്തിപത്രവുമാണ് അവാർഡ് ജേതാവിന് നൽകുക. 
17 വർഷമായി കോഴിക്കോട് മെഡിക്കൽ കോളേജ് വികസന സമിതി അംഗമാണ് സലീം മടവൂർ.
രാജ്യത്തെ എല്ലാ ആൾക്കൂട്ട കൊലപാതകങ്ങൾ നടന്ന പ്രദേശങ്ങളിലും സന്ദർശനം നടത്തുകയും നിയമപരമായി ഇടപെടുകയും ചെയ്തിട്ടുണ്ട്. രാജസ്ഥാനിൽ ജീവനോടെ തീയിട്ട് കൊന്ന  ബംഗാളിലെ സയ്യദ് പൂർ സ്വദേശി അഫ്രാസുളിന്റെ വീട് സന്ദർശിക്കുകയും പ്രദേശത്തിന്റെ പിന്നോക്കാവസ്ഥ പരിഹരിക്കാൻ ഇടപെടുകയും ചെയ്തു. സലീം മടവൂർ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി നൽകിയതോടെയാണ് ഈ പ്രദേശത്ത് ആംബുലൻസ് സൗകര്യങ്ങളും ആശുപത്രിയിൽ കൂടുതൽ സൗകര്യങ്ങളും ഏർപ്പെടുത്തിയത്. പ്രദേശത്തെ വിദ്യാലയത്തിന്റെ പുനരുദ്ധാരണവും ഇതേ തുടർന്നാണ് നടന്നത്. പെഹലു ഖാൻ , തബ്രേസ് അൻസാരി, ബുലന്ദ്ഷഹറിൽ കൊല്ലപ്പെട്ട പോലീസ് ഓഫീസർ സുബോധ് കുമാർ സിംഗ് എന്നിവരുടെ വീടുകൾ സന്ദർശിക്കുകയും കൊലപാതകത്തിൽ ഇരകൾക്ക് ഒപ്പം ചേർന്നുനിന്ന് പ്രവർത്തിക്കുകയും ചെയ്തിട്ടുണ്ട്. ഫിറോസാബാദ്  വെടിവെപ്പിന് ശേഷം പ്രദേശത്ത് ആദ്യമായി എത്തിയ രാഷ്ട്രീയ പ്രവർത്തകരിൽ ഒരാൾ സലീം മടവൂരായിരുന്നു. ബീഹാറിലെ മുസാഫർ പൂരിൽ നിരന്തരമായി ലൈംഗിക പീഡനത്തിനിരയായ ഷെൽട്ടർ ഹോമിലെ പെൺകുട്ടികൾക്ക് നീതി ലഭിക്കാനായി പാറ്റ്ന ഹൈക്കോടതിയെ സമീപിച്ചതിനെ തുടർന്നാണ് വിഷയത്തിൽ സിബിഐ അന്വേഷണത്തിന് ബീഹാർ ഹൈക്കോടതി ഉത്തരവിട്ടത്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ സുപ്രീം കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്. സലീം മടവൂർ കേരള ഹൈക്കോടതിയിൽ കേസ് കൊടുത്തതിനെ തുടർന്നാണ് നേരത്തെ അനിയന്ത്രിതമായി വിതരണ കൂലി ഈടാക്കിയിരുന്ന ഗ്യാസ് ഏജൻസികൾക്ക് പിടിവീണത്. റോഡിലിറക്കിക്കൊണ്ടിരുന്ന ഗ്യാസ് സിലിണ്ടറുകൾ വീടുകളിൽ എത്തിച്ചു കൊടുക്കാനും വിതരണ കൂലി ഏകീകരിച്ച് കമ്പ്യൂട്ടറൈസ്ഡ് ബില്ലുകൾ നൽകാൻ തീരുമാനമായതും സലീം മടവൂർ നൽകിയ ഹരജിയെ തുടർന്നാണ്. കേരളത്തിലേക്ക് നിരന്തരമായി മലേഷ്യയിൽ നിന്ന് പാമോയിൽ ഇറക്കുമതി ചെയ്യുന്നത് അവസാനിച്ചത് ബേപ്പൂർ തുറമുഖത്ത് പാമോയിലുമായി എത്തിയ കപ്പൽ സലീം മടവൂരിന്റെ നേതൃത്വത്തിൽ തടഞ്ഞതോടെയാണ്. ഇത് പിന്നീട് നാളികേരത്തിന്റെ വില ഒരു പരിധിവരെ പിടിച്ചുനിർത്താൻ സഹായിച്ചു. മടവൂരിലെ ഫിനു ഷെറിൻ എന്ന കുട്ടിയുടെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകമ്മിറ്റിയുടെ ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. നിരവധി ചികിത്സ കമ്മിറ്റികൾക്ക്  നേതൃത്വം നൽകിയിട്ടുണ്ട്. മാതാപിതാക്കളാൽ ഉപേക്ഷിക്കപ്പെട്ട് ഭിക്ഷാടന സംഘത്തിൽ അകപ്പെട്ട ഒരു പെൺകുട്ടിയുടെ സംരക്ഷണം ഏറ്റെടുക്കുകയും മകളെ പോലെ വളർത്തി വിവാഹം ചെയ്തു അയക്കുകയും ചെയ്തിട്ടുണ്ട്. 
കോഴിക്കോട് മെഡിക്കൽ കോളേജിൽ 128 സ്ലൈഡ് സിടി സ്കാൻ സ്ഥാപിക്കാനായി കേരള ഹൈക്കോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് വാങ്ങുകയും ചെയ്തിട്ടുണ്ട്. രാജ്യത്തെ റെയിൽവേ സ്റ്റേഷനുകളിൽ മെഡിക്കൽ ഷോപ്പുകൾ സ്ഥാപിക്കാനായി ദേശീയ മനുഷ്യാവകാശ കമ്മീഷനെ സമീപിച്ച് നടപടി എടുപ്പിച്ചിട്ടുണ്ട്
ലോക് താന്ത്രിക് യുവജനതാദൾ ദേശീയ പ്രസിഡണ്ടായിരുന്നു. ഇപ്പോൾ ലോക്താന്ത്രിക് ജനതാദൾ സംസ്ഥാന ജനറൽ സെക്രട്ടറി - മർകസ് ഹൈസ്കൂൾ അധ്യാപകനാണ്. ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്ട്രേഷൻ, ഇംഗ്ലീഷ് സാഹിത്യം എന്നിവയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ടിടിസി, ബി.എഡ് യോഗ്യതകളും നേടിയിട്ടുണ്ട്. ടെലിവിഷൻ ചർച്ചകളിൽ സജീവ സാന്നിധ്യമാണ്. 
കോഴിക്കോട് മടവൂർ സ്വദേശിയാണ്.

Post a Comment

Previous Post Next Post