കൊടുവള്ളി:
സ്വര്‍ണ്ണക്കടത്ത് കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ച് യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലെ മുഖ്യ പ്രതികളായ മൂന്നു പേരെ കൊടുവള്ളി പോലീസ് അറസ്റ്റ് ചെയ്തു. മുക്കം സ്വദേശി ഷബീർ, കുന്നമംഗലം സ്വദേശി അരുൺ, കൊടുവള്ളി സ്വദേശി അബ്ദുൽ റഹീം എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ യാണ് ഷബീർ പിടിയിലായത്.
സൗദിയില്‍ നിന്ന് എത്തിച്ച അരക്കിലോയോളം സ്വര്‍ണ്ണം കസ്റ്റംസ് പിടികൂടിയ സംഭവത്തിലാണ് ഓമശ്ശേരി സ്വദേശിയായ യുവാവിനെ തട്ടിക്കൊണ്ടു പോയത്.
രണ്ട് മാസം മുമ്പ് സൗദില്‍ നിന്ന് എത്തിയ ഉണ്ണികുളം എസ്റ്റേറ്റ് മുക്ക് സ്വദേശിയില്‍ നിന്ന് അരക്കിലോയോളം സ്വര്‍ണ്ണം കരിപ്പൂര്‍ എയര്‍പോര്‍ട്ടില്‍ കസ്റ്റംസ് പിടികൂടിയിരുന്നു. സ്വര്‍ണ്ണം കടത്തുന്ന വിവരം കസ്റ്റംസിന് ഒറ്റിക്കൊടുത്തുവെന്നാരോപിച്ചാണ് കഴിഞ്ഞ ദിവസം ഓമശ്ശേരി അമ്പലക്കണ്ടി സ്വദേശിയായ യുവാവിനെ അഞ്ചംഗ സംഘം തട്ടിക്കൊണ്ടുപോയത്. ഈ മാസം എട്ടിന് രാത്രിയായിരുന്നു സംഭവം. സംഘത്തലവന്‍ മുക്കം മുരങ്ങംപുറായില്‍ ചുടലക്കണ്ടി സി കെ ഷബീർ, കുന്ദമംഗലം സ്വദേശി അരുൺ, കൊടുവള്ളി സ്വദേശി അബ്ദുൽ റഹീം എന്നിവരെ കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്. പോലീസ് അന്വേഷണം ആരംഭിച്ചതോടെ തമിഴ്‌നാട്ടിലേക്ക് കടന്ന സംഘത്തെ തേടി പോലീസ് പുറപ്പെട്ടെങ്കിലും പോലീസിന്റെ നീക്കം മനസ്സിലാക്കിയ ഇവർ നാട്ടിലേക്ക് തിരിച്ചു. കൊടുവള്ളി ഇന്‍സ്‌പെക്ടര്‍ കെ പ്രജീഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കൈമാറിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വിദേശത്തേക്ക് കടക്കാനുള്ള ശ്രമത്തിനിടെ കോടഞ്ചേരി ഭാഗത്തുവെച്ചാണ് പ്രതികളെ പിടികൂടിയത്.
ഷബീറിന്റെ സഹോദരന്‍ ഷക്കീല്‍ ഉള്‍പ്പെടെയുള്ള അഞ്ചംഗ സംഘമാണ് തന്നെ തട്ടിക്കൊണ്ടുപോയതെന്ന് യുവാവ് പോലീസിന് മൊഴി നല്‍കിയിരുന്നു. സംസാരിക്കാനെന്ന വ്യാജേനെ കാറില്‍ കയറ്റുകയും മുക്കം ഭാഗത്തേക്ക് ഓടിച്ച് പോവുകയുമായിരുന്നു. മര്‍ദ്ദിച്ച് അവശനാക്കിയാണ് വഴിയില്‍ ഉപേക്ഷിച്ചതെന്നും ഇയാള്‍ മൊഴി നല്‍കി.
