തലശേരി: വയറുവേദനയെ തുടർന്ന് തലശേരി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പതിനഞ്ചു വയസുകാരനെ പീഡിപ്പിക്കാൻ ശ്രമിച്ച ആശുപത്രി ജീവനക്കാരൻ പിണറായി കാപ്പുമ്മൽ റസീന മൻസിലിൽ സി റമീസിനെ (38) പൊലീസ് അറസ്‌റ്റ് ചെയ്‌തു. ബുധൻ പകൽ 12.30 നാണ് സംഭവം. ആശുപത്രി ഗ്രേഡ് 2 അറ്റൻഡായ പ്രതി വയർ പരിശോധിക്കണമെന്ന് പറഞ്ഞാണ് കുട്ടിയെ ശുചിമുറിയിലേക്ക് കൊണ്ടുപോയത്. പീഡനശ്രമത്തിനിടെ വിദ്യാർഥി നിലവിളിച്ച് കുതിറിയോടി. ആശുപത്രി ജീവനക്കാരും രോഗികളുടെ കൂട്ടിരിപ്പുകാരും ചേർന്ന് പ്രതിയെ പിടികൂടി പൊലീസിന് കൈമാറി.
കഴിഞ്ഞ ശനിയാഴ്‌ചയാണ് വയറുവേദനയെ തുടർന്ന് കുട്ടിയെ ആശുപത്രി മെയിൽവാർഡിൽ പ്രവേശിപ്പിച്ചത്. സംഭവമറിഞ്ഞ് കുട്ടിയുടെ ബന്ധുക്കൾ ആശുപത്രിയിലെത്തി. പ്രതിയെ പൊലീസ് എത്തുന്നത് വരെ ആശുപത്രി മുറിയിൽ പൂട്ടിയിട്ടു. മണിക്കൂറുകളോളം ആശുപത്രി പരിസരം സംഘർഷഭരിതമായി. തലശേരി സിഐ എം അനിലിന്റെ നേതൃത്തിലുള്ള പൊലീസ് സംഘമാണ് കസ്‌റ്റഡിയിലെടുത്തത്. കുട്ടിയുടെ മൊഴിയെടുത്ത ശേഷം പ്രതിക്കെതിരെ പോക്‌സോ വകുപ്പ് ചുമത്തി കേസെടുത്തു. കാഷ്യാലിറ്റിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു സി റമീസ് മെയിൽ വാർഡിൽ എത്തിയതിലും ദുരൂഹതയുണ്ട്. ഇയാൾക്കെതിരെ നേരത്തെയും പലവിധ പരാതിയും ഉയർന്നതാണ്
