Trending

ഓമശ്ശേരിയിൽ 61 കുടുംബങ്ങൾക്ക്‌ ഭവന പുനരുദ്ധാരണത്തിന്‌ 42 ലക്ഷം രൂപ.നവംബറിൽ പണി പൂർത്തീകരിക്കും




ഓമശ്ശേരി:2023-24 വാർഷിക പദ്ധതിയിലുൾപ്പെടുത്തി ഓമശ്ശേരി പഞ്ചായത്ത്‌ ഭരണസമിതി 42 ലക്ഷം രൂപ ചെലവഴിച്ച്‌ 61 കുടുംബങ്ങൾക്ക്‌ ഭവന പുനരുദ്ധാരണത്തിന്‌ സാമ്പത്തിക സഹായം നൽകുന്നു.ജനറൽ വിഭാഗത്തിൽ 38 കുടുംബങ്ങൾക്ക്‌ അമ്പതിനായിരം രൂപ വീതവും പട്ടിക ജാതി വിഭാഗത്തിൽ 19 കുടുംബങ്ങൾക്ക്‌ ഒരു ലക്ഷം രൂപ വീതവും 2 അതിദരിദ്ര കുടുംബങ്ങൾക്ക്‌ ഒരു ലക്ഷം രൂപ വീതവും ആശ്രയ പദ്ധതിയിലെ 2 കുടുംബങ്ങൾക്ക്‌ ഒരു ലക്ഷം രൂപ വീതവുമാണ്‌ അനുവദിച്ചത്‌.പഞ്ചായത്തിലെ പത്തൊമ്പത്‌ വാർഡുകളിൽ നിന്നും ലഭിച്ച അപേക്ഷകളിൽ നിന്ന് അർഹതാ മാനദണ്ഡങ്ങളും മുൻ ഗണനാ മാനദണ്ഡങ്ങളും പരിശോധിച്ചാണ്‌ അന്തിമ ലിസ്റ്റ്‌ പ്രസിദ്ധീകരിച്ചത്‌.

ഒക്ടോബർ അഞ്ചിനകം ഗുണഭോക്താക്കൾ പഞ്ചായത്തിൽ രേഖകൾ സമർപ്പിച്ച്‌ എഗ്രിമന്റ്‌ നടപടികൾ പൂർത്തീകരിക്കും.എഗ്രിമന്റ്‌ വെച്ചതിനു ശേഷം ജനറൽ വിഭാഗത്തിന്‌ ഇരുപത്തി അയ്യായിരം രൂപയും പട്ടികജാതി,അതി ദരിദ്രർ,ആശ്രയ ഗുണഭോക്താക്കൾക്ക്‌ അമ്പതിനായിരം രൂപയും അഡ്വാൻസായി നൽകും.പ്രവൃത്തി പൂർത്തീകരിച്ച്‌ ബന്ധപ്പെട്ട അധികാരികളുടെ സാക്ഷ്യ പത്രം ലഭ്യമാക്കിയാലുടൻ ബാക്കി തുകയും എല്ലാ വിഭാഗത്തിനും കൈമാറും.ഗുണഭോക്താക്കളുടെ പേരിലുള്ള അക്കൗണ്ടിലേക്കാണ്‌ പണം ട്രാൻസ്ഫർ ചെയ്യുക.നവംബർ 30 നകം 61 വീടുകളുടേയും പുനരുദ്ധാരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കും.വികസന ഫണ്ടിൽ നിന്നും എസ്‌.സി.ഫണ്ടിൽ നിന്നും തനത്‌ ഫണ്ടിൽ നിന്നുമായാണ്‌ 42 ലക്ഷം രൂപ ചെലവഴിക്കുന്നത്‌.

പഞ്ചായത്ത്‌ കമ്മ്യൂണിറ്റി ഹാളിൽ നടന്ന ഗുണഭോക്തൃ സംഗമത്തിൽ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ പദ്ധതിയുടെ പ്രഖ്യാപനം നിർവ്വഹിച്ചു.വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു അദ്ധ്യക്ഷത വഹിച്ചു.ജില്ലാ പഞ്ചായത്ത്‌ മെമ്പർ നാസർ എസ്റ്റേറ്റ്‌ മുക്ക്‌ മുഖ്യാതിഥിയായിരുന്നു.വികസന സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർമാൻ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു.ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി,പഞ്ചായത്ത്‌ സെക്രട്ടറി എം.പി.മുഹമ്മദ്‌ ലുഖ്‌മാൻ,പഞ്ചായത്തംഗങ്ങളായ എം.എം.രാധാമണി ടീച്ചർ,സൈനുദ്ദീൻ കൊളത്തക്കര,ഒ.പി.സുഹറ,എം.ഷീജ ബാബു,കെ.പി.രജിത,പി.കെ.ഗംഗാധരൻ,സി.എ.ആയിഷ ടീച്ചർ,അശോകൻ പുനത്തിൽ,മൂസ നെടിയേടത്ത്‌,പി.ഇബ്രാഹീം ഹാജി,എം.ഷീല,നിർവ്വഹണ ഉദ്യോഗസ്ഥൻ വി.ഇ.ഒ.ഹാഫിസ്‌ മുഹമ്മദ്‌ എന്നിവർ സംസാരിച്ചു.

ഫോട്ടോ:ഓമശ്ശേരിയിൽ ഭവന പുനരുദ്ധാരണ പ്രവർത്തനങ്ങളുടെ പ്രഖ്യാപനം പഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി.അബ്ദുൽ നാസർ നിർവ്വഹിക്കുന്നു.

Post a Comment

Previous Post Next Post