Trending

ഹ‍ർഷിന: പൊലീസും ഡോക്ട‍ർമാരും രണ്ട് തട്ടിൽ; കത്രിക മെഡിക്കൽ കോളജിന്റേതല്ലെന്ന് മെഡിക്കൽ ബോർഡ്





കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ അടിവാരം സ്വദേശി ഹർഷിനയുടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ പൊലീസും ഡോക്ട‍ർമാരും രണ്ട് തട്ടിൽ. 


കത്രിക മെഡിക്കൽ കോളജിന്റേതാണെന്ന് പൊലീസ് റിപ്പോർട്ട് തള്ളി മെഡിക്കൽ ബോർഡ് രം​ഗത്തെത്തി. കത്രിക മെഡിക്കൽ കോളജിന്റേതല്ലെന്നാണ് മെഡിക്കൽ ബോർഡിന്റെ വാദം. കത്രിക മെഡിക്കൽ കോളജിന്റേതാണെന്ന് പൊലീസ് നേരത്തേ റിപ്പോർട്ട് നൽകിയിരുന്നു. കത്രിക കുടുങ്ങിയ സംഭവത്തിൽ നഷ്ടപരിഹാരമാവശ്യപ്പെട്ട് ഹർഷിനയുടെ സമരം 50 ദിവസം പിന്നിട്ടിരിക്കുകയാണ്.

ഹർഷിനയുടെ വയറ്റിൽ കത്രിക കുടുങ്ങിയത് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ നിന്ന് തന്നെയെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. മെഡിക്കല്‍ കോളജ് എസിപി കെ സുദര്‍ശനായിരുന്നു അന്വേഷണ ചുമതല. മാതൃശിശു സംരക്ഷണ കേന്ദ്രത്തിലെ പ്രസവ ശസ്ത്രക്രിയക്കിടെയാണ് വയറ്റില്‍ കത്രിക കുടുങ്ങിയതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കണമെന്ന് പൊലീസ് റിപ്പോർട്ടിൽ ആവശ്യപ്പെട്ടിരുന്നു.

താമരശ്ശേരി ഗവ. താലൂക്കാശുപത്രിയിലായിരുന്നു ഹർഷിനയുടെ ആദ്യത്തെയും രണ്ടാമത്തെയും പ്രസവശസ്ത്രക്രിയ. മൂന്നാമത്തെ പ്രസവശസ്ത്രക്രിയ 2017 നവംബര്‍ 30-ന് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നു. ഈ പ്രസവശസ്ത്രക്രിയയ്ക്ക് ശേഷമാണ് ഹർഷിനയ്ക്ക് ആരോഗ്യപ്രശ്നങ്ങൾ കണ്ട് തുടങ്ങിയത്.


Post a Comment

Previous Post Next Post