അഴിയൂരിലെ ക്ഷേത്രഭണ്ഡാരം പൊളിച്ചതിന് പിടിയിലായ പുതിയപുരയില്‍ രാജീവനെ തെളിവെടുപ്പിനെത്തിച്ചപ്പോഴാണ് പൊലിസിനും നാട്ടുകാര്‍ക്കും മുന്നില്‍ ഇയാള്‍ പരാതിക്കെട്ട് അഴിച്ചത്. നാട്ടുകാരാരും ശരിയല്ലെന്ന് പറഞ്ഞ പ്രതി ആരും ഭണ്ഡാരത്തില്‍ പൈസ ഇടുന്നില്ലെന്നും പറയുന്നു. മൂന്ന് തവണ ഇതേ ക്ഷേത്രത്തില്‍ മോഷണം നടന്നു. ആദ്യം കവര്‍ച്ച നടന്നപ്പോള്‍ സിസിടിവി ഇല്ലായിരുന്നു. ആദ്യ മോഷണത്തിന് പിന്നാലെ ക്ഷേത്രഭാരവാഹികള്‍ സിസിടിവി സ്ഥാപിച്ചു. വീണ്ടും വന്ന കള്ളന്‍ സിസിടിവിയില്‍ കുടങ്ങി. ഈ ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് രാജീവന്‍ പിടിയിലായത്. എന്നാല്‍ ആദ്യം നടന്ന മോഷണത്തിന് പിന്നില്‍ താനല്ലെന്നാണ് പ്രതിയുടെ വാദം.
കണ്ണൂര്‍ കൂത്തുപറമ്പ് സ്വദേശിയാണ് പ്രതി. കണ്ണൂര്‍ ജില്ലയിലെ നിരവധി മോഷണകേസുകളില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ രാജീവനെ റിമാന്‍ഡ് ചെയ്തു.
