Trending

പുതുപ്പളളി ഉപതിരഞ്ഞെടുപ്പ് തീയതി മാറ്റണം; ആവശ്യമുന്നയിച്ച് കോൺ​ഗ്രസ്





കോട്ടയം: പളളിപ്പെരുന്നാൾ കണക്കിലെടുത്ത് സെപ്തംബര്‍ അഞ്ചിന് നടക്കാനിരിക്കുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് മാറ്റണമെന്ന ആവശ്യവുമായി കോൺഗ്രസ്. മണർകാട് പള്ളി പെരുന്നാൾ കണക്കിലെടുത്താണ് കോൺ​ഗ്രസ് ആവശ്യം. വോട്ടെണ്ണൽ നടക്കുന്ന സെപ്തംബർ എട്ടിന് മണർക്കാട് പളളിയിൽ പ്രധാന പെരുന്നാളാണ്. ഈ സമയത്ത് ഉണ്ടാകുന്ന ജനത്തിരക്കും ​ഗതാ​ഗത തിരക്കും തിരഞ്ഞെടുപ്പ് കമ്മീഷൻ കണക്കിലെടുക്കണമെന്നും കോൺ​ഗ്രസ് അപേക്ഷയിൽ ആവശ്യപ്പെട്ടു.

തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോ‌ടെ ചുവരെഴുതിയും പോസ്റ്ററൊട്ടിച്ചും കോൺ​ഗ്രസ് മണ്ഡലത്തിൽ സജീവമാണ്. പലയിടത്തും യുഡിഎഫ് സ്ഥാനാര്‍ത്ഥി ചാണ്ടി ഉമ്മന്റെ ഫ്ലക്‌സ് പ്രത്യക്ഷപ്പെട്ടു. അതേസമയം ഇടതുപക്ഷത്ത് നിന്ന് ആര് മത്സരിക്കുമെന്നതിൽ തീരുമാനമായിട്ടില്ല. ഡിവൈഎഫ്‌ഐ നേതാവ് ജെയ്ക്ക് സി തോമസിന്റെയും സിപിഐഎം കോട്ടയം ജില്ലാ സെക്രട്ടറിയേറ്റ് അംഗം റെജി സഖറിയയുടെ പേരുമാണ് ജില്ലയിലെ നേതാക്കളുടെ മനസ്സിലുള്ളത്. ഇവര്‍ രണ്ടുപേരും നേരത്തെ ഉമ്മന്‍ ചാണ്ടിയോട് രണ്ട് തവണ ഏറ്റുമുട്ടിയിട്ടുള്ളവരാണ്. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ ആറ് പഞ്ചായത്തുകളിലും ഇടതുമുന്നണിയാണ് ഭരണം എന്നതില്‍ സിപിഐഎം പ്രതീക്ഷയര്‍പ്പിക്കുന്നു.

2021 ല്‍ പുതുപ്പള്ളിയില്‍ ഉമ്മന്‍ചാണ്ടി നേടിയതിനേക്കാള്‍ വലിയ ഭൂരിപക്ഷത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വിജയിക്കുമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചത്. തൃക്കാക്കര മോഡലില്‍ അതിവേഗം സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുന്ന രീതിയാണ് പുതുപ്പള്ളിയിലും കണ്ടത്. പുതുപ്പള്ളി മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളുടെ ചുമതല മുന്‍ ഡിസിസി പ്രസിഡന്റുമാര്‍ക്കും ഐഎന്‍ടിയുസി ഭാരവാഹികള്‍ക്കും വീതിച്ചു നല്‍കിയിട്ടുണ്ട്.

അയര്‍ക്കുന്നം, പുതുപ്പള്ളി ബ്ലോക്കുകളുടെ ചുമതല കെ സി ജോസഫിനും തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നല്‍കിയതിന് പുറമേ ബ്ലോക്കുകളുടെ പരിധിയില്‍ വരുന്ന പഞ്ചായത്തുകളുടെ ചുമതലയും നിര്‍ദ്ദേശിച്ചു. പുതുപ്പള്ളി മണ്ഡലത്തിലെ എട്ടില്‍ 6 പഞ്ചായത്തും എല്‍ഡിഎഫിന്റേതെന്ന വെല്ലുവിളി മറികടക്കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രതീക്ഷിക്കപ്പെടുന്ന ജെയ്ക് സി തോമസിന്റെ പഞ്ചായത്തായ മണര്‍കാട് ജില്ലാ കണ്‍വീനര്‍ ഫില്‍സണ്‍ മാത്യൂസിനും മുന്‍ ഡിസിസി പ്രസിഡന്റ് കുര്യന്‍ ജോയ്ക്കും ചുമതല ഏല്‍പ്പിച്ചു.


കുഞ്ഞ് ഇല്ലംപള്ളിക്കാണ് പുതുപ്പള്ളി പഞ്ചായത്തിന്റെ ചുമതല. മുന്‍ എംഎല്‍എ ജോസഫ് വാഴയ്ക്കന് പാമ്പാടിയിലാണ് ചുമതല. അകലക്കുന്നത്ത് ടോമി കല്ലാനിയും കൂരോപ്പടയില്‍ പിഎ സലീമും വാകത്താനത്ത് ജോസി സെബാസ്റ്റ്യനും അയര്‍ക്കുന്നത്ത് ഫിലിപ്പ് ജോസഫും മീനടത്ത് പി എസ് രഘുറാമും ചുമതല വഹിക്കും. ഇതിനു പുറമേ 182 ബൂത്തുകള്‍ക്കും നിയോജകമണ്ഡലത്തിന് പുറത്തുനിന്നുള്ള ജില്ലയിലെ തന്നെ നേതാക്കള്‍ക്ക് ചുമതല നല്‍കി.

Post a Comment

Previous Post Next Post