കോഴിക്കോട്: സർക്കാർ, എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ‘ അനധികൃത ട്യൂഷൻ’തുടരുന്നു. സംസ്ഥാനത്തെ സ്വകാര്യ ട്യൂഷൻ സെന്ററുകളിലാണ് സർക്കാർ, എയ്ഡഡ് അധ്യാപകരുടെ നിയമവിരുദ്ധ ട്യൂഷൻ തുടരുന്നത്.
എട്ടു മുതൽ പ്ലസ് ടു വരെ ക്ലാസുകളിലും എൻട്രൻസ്, പി.എസ്.സി കോച്ചിങ് സെന്ററുകളിലും സർക്കാർ അധ്യാപകർ വ്യാപകമായി ക്ലാസെടുക്കുന്നുണ്ട്.
പി.എസ്.സി വഴി ഉന്നത ജോലി നേടിയവരും പരിശീലനം നൽകുന്നു. കണക്കിനും ശാസ്ത്രവിഷയങ്ങൾക്കുമാണ് ട്യൂഷൻ സെന്ററുകൾ സർക്കാർ, എയ്ഡഡ് അധ്യാപകരെ ആശ്രയിക്കുന്നത്.
സ്കൂളിന് സമീപമുള്ള ട്യൂഷൻ സെന്ററുകളിലാണ് ഇവർക്ക് ‘ഡ്യൂട്ടി’. ലീവെടുത്ത് വിദൂരസ്ഥലങ്ങളിൽ ക്ലാസെടുക്കുന്നവരുമുണ്ട്.
സ്വന്തം സ്കൂളിലെ കുട്ടികളെ ട്യൂഷനായി വലവീശുന്നതും ഈ അധ്യാപകരിലൂടെയാണ്
ആയിരങ്ങളാണ് പ്രതിഫലം. രക്ഷിതാക്കളിലും കുട്ടികളിലും ആശങ്കയും ആശയക്കുഴപ്പവും സൃഷ്ടിച്ച് കുട്ടികളെ ട്യൂഷൻ സെന്ററിലേക്ക് നയിക്കുന്ന രീതിയും ഉണ്ട്. 10,000 മുതൽ 20,000 രൂപ വരെയാണ് ഹൈസ്കൂൾ മുതൽ പ്ലസ് ടു വരെ വിവിധ ഇടങ്ങളിലെ വാർഷിക ട്യൂഷൻ ഫീസ്.
ഓരോ കുട്ടിക്കും അധ്യാപകർക്ക് കമീഷനുണ്ട്. സ്കൂളുകളിലെ അധ്യാപനത്തിൽ ശ്രദ്ധിക്കാതെ ട്യൂഷൻ സെന്ററുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന അധ്യാപകരുമുണ്ട്.
പ്രിൻസിപ്പൽമാർക്കും ഹെഡ്മാസ്റ്റർമാർക്കും ഇത് തടയാൻ കഴിയാത്ത അവസ്ഥയാണ്.
