ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അധ്യാപികയുടെ നിര്‍ദേശ പ്രകാരം സഹപാഠികള്‍ മുഖത്തടിച്ച ഏഴുവയസുകാരനെയും കുടുംബത്തെയും സന്ദര്‍ശിച്ച് ജോണ്‍ ബ്രിട്ടാസ്
എംപി. സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം സുഭാഷിണി അലിക്കൊപ്പമായിരുന്നു സന്ദര്‍ശനം. വെറുപ്പും വിദ്വേഷവും മനുഷ്യരെ എന്താക്കി തീര്‍ക്കുമെന്നതിന്റെ തെളിവാണ് മുസഫര്‍നഗറിലെ ഏഴ്
വയസ് മാത്രമുള്ള മുസ്ലിം വിദ്യാര്‍ത്ഥിയെ സഹപാഠികളെ കൊണ്ട് അടിപ്പിച്ച അധ്യാപികയുടെ നടപടിയെന്ന് ജോണ്‍ ബ്രിട്ടാസ് സന്ദര്‍ശന ശേഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
കുബ്ബാപുര്‍ ഗ്രാമത്തില്‍ എത്തി കുട്ടിയേയും ബാപ്പയെയും കുടുബാംഗങ്ങളെയും സന്ദര്‍ശിച്ചു. കുട്ടിയുടെ കുടുംബത്തിനോടൊപ്പം കേരളം ഉണ്ടെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശവും തുടര്‍പഠനത്തിന് താങ്ങാകാന്‍ സന്നദ്ധമെന്ന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയുടെ സന്ദേശവും കുടുംബത്തെ അറിയിച്ചുവെന്നും ജോണ്‍ ബ്രിട്ടാസ് കുറിച്ചു.
ആക്രമണത്തിന് ഇരയായ കുട്ടിയുടെയും ദാരിദ്ര്യം കാരണം പഠിത്തം നിര്‍ത്തിയ സഹോദരന്റെയും തുടര്‍പഠനത്തിനുള്ള സഹായം നല്‍കാമെന്ന നിര്‍ദേശം കുടുംബം സ്വീകരിച്ചു. കേരളത്തിന്റെ സമുദായ മൈത്രിയും സാഹോദര്യവും ഉത്തര്‍പ്രദേശിലും ഉണ്ടാകണമെന്ന പ്രാര്‍ത്ഥനയാണ് തങ്ങള്‍ക്കുള്ളതെന്ന് കുട്ടിയുടെ കുടുംബം പറഞ്ഞു. സ്‌കൂളിലെ ദാരുണ സംഭവത്തിന് ശേഷം കുട്ടിയുടെ സംസാരം വല്ലാതെ കുറഞ്ഞെന്ന് ബാപ്പ പറഞ്ഞതായും എംപി അറിയിച്ചു. കുട്ടിയെ ചേര്‍ത്തു നിര്‍ത്തി ഓണസമ്മാനവും നല്‍കിയാണ് മന്ത്രിയും സംഘവും കുബ്ബപ്പൂരില്‍ നിന്ന് മടങ്ങിയത്.
