2022-ലെ മികച്ച നടനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം മമ്മൂട്ടിക്ക്. നൻപകൽ നേരത്ത് മയക്കത്തിലെ അഭിനയത്തിനാണ് പുരസ്കാരം. ഇതോടെ ഏറ്റവും കൂടുതൽ തവണ മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്ന അഭിനേതാക്കളിൽ ഒന്നാമതായിരിക്കുകയാണ് മമ്മൂട്ടി. ആറ് പുരസ്കാരങ്ങൾ നേടിയ നടൻ എന്ന നിലയിൽ മോഹൻലാലും ഈ പട്ടികയിൽ ഒന്നാം സ്ഥാനം പങ്കിടുന്നുണ്ട്. ഒ മാധവന് ശേഷം മികച്ച നടനുള്ള സംസ്ഥാന പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കൂടിയ നടനായിരിക്കുകയാണ് മമ്മൂട്ടി എന്ന പ്രത്യേകത കൂടിയുണ്ട്. മികച്ച നടൻ എന്ന വിഭാഗം കൂടാതെ മികച്ച സഹനടനുള്ള പുരസ്കാരവും (അഹിംസ-1981) സെപ്ഷ്യൽ ജൂറി പുരസ്കാരവും (യാത്ര, നിറക്കൂട്ട്-1985) അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. 2009-ൽ പാലേരിമാണിക്യം, കുട്ടിസ്രാങ്ക്, പഴശ്ശിരാജ എന്നീ ചിത്രങ്ങളിലെ അഭിനയത്തിന് പുരസ്കാരം ലഭിച്ച ശേഷം 2014-ൽ മുന്നറിയിപ്പ് എന്ന ചിത്രത്തിന് മികച്ച നടനുള്ള അവസാന ഘട്ട നാമനിർദേശത്തിൽ മമ്മൂട്ടി എത്തിയിരുന്നു.
പ്രേക്ഷകർ 2022-ൽ ഏറ്റെടുത്ത മമ്മൂട്ടി ചിത്രങ്ങളായിരുന്നു നൻപകൽ നേരത്ത് മയക്കം, റോഷാക്ക്, പുഴു എന്നിവ. മമ്മൂട്ടി എന്ന നടന്റെ പെർഫോമൻസ് ലെവലിനെ മറ്റൊരു തലത്തിലെത്തിച്ച ചിത്രമായിരുന്നു നൻപകൽ നേരത്ത് മയക്കം. രണ്ട് അന്തരത്തിൽ നിൽക്കുന്ന കഥാപാത്രങ്ങളെ തന്റെ ഭാവാഭിനയത്തിലൂടെയും ശരീര ഭാഷയിലൂടെയും മമ്മൂട്ടി പ്രതിഫലിപ്പിക്കുകയായിരുന്നു. തിയേറ്ററിൽ നൻപകൽ നേരത്ത് മയക്കത്തിന് വമ്പൻ വിജയം കാണാൻ സാധിച്ചില്ല എങ്കിലും ഐഎഫ്എഫ്കെ പോലുള്ള വേദികളിൽ വൻ തിരയിളക്കമുണ്ടാക്കാൻ ചിത്രത്തിന് സാധിച്ചു. അതിന് പ്രധാന കാരണം ലിജോ ജോസ് പെല്ലിശ്ശേരിയിൽ പിറന്ന മമ്മൂട്ടി ചിത്രം എന്നതുകൊണ്ടായിരുന്നു. മികച്ച നിരൂപ പ്രശംസ നേടിയ ചിത്രത്തിന്റെ കാതൽ മമ്മൂട്ടിയുടെ ഇരട്ട വേഷപ്പകർച്ച തന്നെയാണ്.
മികച്ച നടൻ വിഭാഗത്തിൽ അവസാന പട്ടികയിൽ മമ്മൂട്ടിക്കൊപ്പം കുഞ്ചാക്കോ ബോബനാണ് ഇടം നേടിയത്. ന്നാ താൻ കേസ് കൊട്, അറിയിപ്പ് എന്നി സിനിമകളിലെ അഭിനയത്തിനാണ് താരം മത്സരിച്ചത്.
