കോഴിക്കോട്: യൂത്ത്കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പ് നടപടികൾ നിർത്തിവയ്ക്കണമെന്ന് കോഴിക്കോട് ജില്ലാ മുൻസിഫ് കോടതി ഉത്തരവിട്ടു. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പിലിന് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ല എന്നും കോടതി പറഞ്ഞു. തിരഞ്ഞെടുപ്പ് നടക്കുന്നത് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമെന്നു കാണിച്ച് സ്ഥാനാര്‍ഥി നല്‍കിയ ഹര്‍ജിയിലാണ് സ്‌റ്റേ.
കോഴിക്കോട് കിണാശ്ശേരി മണ്ഡലത്തില്‍ പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് മത്സരിക്കുന്ന ഷഹബാസ് എന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനാണ് പരാതിയുമായി കോഴിക്കോട് മുന്‍സിഫ് കോടതിയെ സമീപിച്ചത്. ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്ന സംഘടനാ തിരഞ്ഞെടുപ്പ് സംഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നും കൃത്യമായ ഒരു വോട്ടര്‍ പട്ടിക ഇല്ലാതെയാണ് ഇപ്പോള്‍ വോട്ട് രേഖപ്പെടുത്തുന്നത് എന്നും ആർക്കു വേണമെങ്കിലും വോട്ട് രേഖപ്പെടുത്താം എന്നുമായിരുന്നു ഷഹബാസിന്റെ പരാതി.
തെരഞ്ഞെടുപ്പില്‍ ലീഗ് പ്രവർത്തകരെ യൂത്ത് കോൺഗ്രസാക്കുന്നുവെന്ന പരാതി മുന്‍പ് വ്യാപകമായിരുന്നു. ഗ്രൂപ്പ് തിരിഞ്ഞുള്ള വാശിയേറിയ മത്സരത്തിൽ പരാമവധി വോട്ട് പിടിക്കാനാണ് യൂത്ത് കോൺഗ്രസുകാർ അംഗത്വ വിതരണത്തിനായി ലീഗുകാരുടെ വീട് കയറിയത്. പരാതി ഉന്നയിച്ച അരിക്കുളത്തെ ലീഗ് നേതാക്കളുമായി ചർച്ച നടത്തിയ കോൺഗ്രസ് നേതാക്കൾ ഇനി ഇത്തരം വോട്ട് പിടുത്തം ഉണ്ടാവില്ലെന്ന് ഉറപ്പ് നൽകിയിരുന്നു.
യൂത്ത് കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിൽ ഗ്രൂപ്പുകൾ തമ്മിൽ വാശിയേറിയ മത്സരമാണ് നടക്കുന്നത്. പരമാവധി അംഗങ്ങളെ ചേർത്ത് വോട്ട് നേടാൻ പാർട്ടി മാറി ആളെ പിടിക്കുന്നുവെന്നത് മുന്നണി ബന്ധം വഷളാക്കാൻ കാരണമായി. അരിക്കുളത്ത് മാത്രമല്ല മറ്റ് പഞ്ചായത്തുകളിലും ലീഗ് പ്രവർത്തകരെ യൂത്ത് കോൺഗ്രസാക്കുന്നുവെന്ന് പരാതിയുണ്ട്.
