താമരശ്ശേരി:
ദേശീയ വിദ്യാഭ്യാസ നയം രാജ്യത്തെ വിദ്യാഭ്യാസത്തെ സംഘ്പരിവാർ വത്ക്കരിക്കാൻ വേണ്ടിയാണെന്ന് എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ.
ചരിത്രത്തിൻ്റെ ഏടുകൾ വിദ്യാർത്ഥികൾ പഠിക്കേണ്ടന്ന് പറയുന്ന സംഘ് പരിവാർ പുതിയൊരു ചരിത്ര നിർമ്മിതിക്കായി വലതുപക്ഷ മാധ്യമങ്ങളെ വിലക്കെടുക്കുകയാണെന്നും അദ്ദേഹം അരോപിച്ചു.
31-ാമത് ജോബി ആൻഡ്രൂസ് രക്തസാക്ഷി ദിനത്തിൽ വിദ്യാർത്ഥി റാലിയോടൊനുബന്ധിച്ച് നടന്ന പൊതുസമ്മേളനം താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു ആർഷോ.
എസ്.എഫ്.ഐ യെ ഇല്ലാതാക്കാൻ കൊലപാതകങ്ങൾ ഉൾപ്പെടെ നടത്തി കിണഞ്ഞ് ശ്രമിക്കുന്ന വലതുപക്ഷങ്ങൾ ഇപ്പോൾ ചില മാധ്യമങ്ങളെ വിലക്കെടുത്ത് ദുഷ്പ്രചരണം നടത്തുകയാണ്.
കേരളത്തിലെ കാമ്പസുകളിലെല്ലാം ജനാധിപത്യ തെരഞ്ഞെടുപ്പിൽ വിജയിച്ച് മുന്നേറുന്ന എസ്.എഫ്.ഐയെ ക്രിമിനൽ സംഘമാണെന്ന് ആരോപിക്കാൻ മാധ്യമങ്ങൾ വല്ലാതെ വിയർക്കുന്നു. പൊടിപ്പും തൊങ്ങലും വെച്ച് എസ്.എഫ്.ഐക്കെതിരെ വ്യാജ വാർത്തകൾ സൃഷ്ടിക്കുകയാണ് മാധ്യമങ്ങളെന്നും അദ്ദേഹം ആരോപിച്ചു.
എസ്.എഫ്.ഐ. കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് പി. താജുദ്ദീൻ അധ്യക്ഷനായി.
ദേശീയചിത്രരചനാ മത്സരത്തിലെ വിജയിയായ എസ്. തീർത്ഥയെ ചടങ്ങിൽ എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആർഷോ മൊമൻ്റോ നൽകി ആദരിച്ചു.
ജില്ലാ സെക്രട്ടറി കെ.വി. അനുരാഗ്, കെ. ബാബു, അഭിഷ, സാദിഖ്, സരോദ് ചങ്ങാടത്ത്, ജാൻവി കെ. സത്യൻ, മിഥുൻ, എസ്.എഫ്.ഐ ഏരിയാ സെക്രട്ടറി മുഹമ്മദ് അസ്ലം, പ്രസിഡൻ്റ് പി.സി. ആദിഷ് എന്നിവർ പ്രസംഗിച്ചു.
താമരശ്ശേരി ടൗണിലേക്ക് നടന്ന വിദ്യാർത്ഥി റാലിയിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കെടുത്തു.
