പൊലീസിന്‍റെ പ്രാഥമിക പരിശോധനയിൽ ഉത്തരവും അഡ്വൈസ് മെമ്മോയും വ്യാജമാണെന്ന് കണ്ടെത്തിയതോടെ യുവതിയെ അറസ്റ്റ് ചെയ്തു. ജോലി ലഭിക്കാത്തതിലെ മാനസിക സമ്മർദത്തിൽ ചെയ്തതാണെന്നാണ് യുവതിയുടെ മൊഴി. യുവതി കുടുംബത്തെ ഉൾപ്പെടെ കബളിപ്പിക്കുകയായിരുന്നു. സംഭവത്തിൽ പങ്കില്ലെന്ന് വ്യക്തമായതിനാൽ ഭർത്താവിനെയും ബന്ധുക്കളെയും വിട്ടയച്ചു. 2022 ആഗസ്റ്റ് ഒന്നിന് ഇറങ്ങിയ എൽ.ഡി ക്ലർക്ക് ലിസ്റ്റിൽ 22ാം റാങ്കുകാരിയാണെന്നും റവന്യൂ വകുപ്പിൽ നിയമന ഉത്തരവ് ലഭിച്ചെന്നും അവകാശപ്പെട്ട് കരുനാഗപ്പള്ളി താലൂക്ക് ഓഫിസിലാണ് രാഖി ജോലിക്ക് കയറാൻ ശ്രമിച്ചത്.
ഒറ്റനോട്ടത്തിൽ വ്യാജമാണെന്ന് വ്യക്തമാകുന്ന നിയമന ഉത്തരവാണ് ഹാജരാക്കിയത്. അഡ്വൈസ് മെമ്മോയുടെ ഒറിജിനൽ കാണിക്കാൻ ജില്ല പി.എസ്.സി ഓഫിസർ ആവശ്യപ്പെട്ടെങ്കിലും തയാറായില്ല. ഇതിനിടെ ഭർത്താവ് ബഹളം വെച്ചു. തുടർന്ന് രക്ഷപ്പെടാൻ ശ്രമിച്ചതോടെ അധികൃതർ ഓഫിസിന്‍റെ ഗേറ്റ് പൂട്ടി. പൊലീസ് എത്തി ചോദ്യം ചെയ്തപ്പോൾ രേഖകൾ വ്യാജമായി താൻ നിർമിച്ചതാണെന്ന് യുവതി സമ്മതിച്ചു.
