താമരശ്ശേരി: ദേശീയ പാത 766 കോഴിക്കോട്-കൊല്ലിങ്ങൽ റോഡിൽ താമരശ്ശേരി ചെക്ക് പോസ്റ്റിനോട് ചേർന്ന് ടേക്ക് എ ബ്രേക്ക് കെട്ടിടത്തിന് അരികെ വളർന്നു പന്തലിച്ചു നിൽക്കുന്ന യാതൊരു ബലവുമില്ലാത്ത ഉന്നക്കായ മരം കെട്ടിടത്തിനും, ജനങ്ങളുടെ ജീവനും ഭീഷണി ഉയർത്തുന്നു.
കഴിഞ്ഞ വാരം ശക്തമായ മഴയിൽ മരത്തിൻ്റെ ശിഖര മൊടിഞ്ഞ് കെട്ടിടത്തിൻ്റെ മേൽക്കൂരയിൽ പതിച്ചിരുന്നു.
സമീപത്ത് നിരവധി ലോറികൾ നിർത്തിയിടുന്നതിനു പുറമെ, ഇവിടെ പ്രവർത്തിക്കുന്ന ഹോട്ടലിലേക്ക് എത്തുന്ന കാറുകളും, ബൈക്കുകളും ഇവിടെ പാർക്ക് ചെയ്യാറുണ്ട്.
രണ്ടു വർഷം മുമ്പ് നിർമ്മാണമാരംഭിച്ച ടേക്ക് എ ബ്രേക്ക് കെട്ടിടം ഇതു വരെ തുറന്ന് കൊടുത്തിട്ടില്ല, കെട്ടിട നിർമ്മാണത്തിന് മുമ്പുതന്നെ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റാൻ നാട്ടുകാർ ആവശ്യപ്പെട്ടിരുന്നെങ്കലും അധികൃതർ ചെവിക്കൊണ്ടിരുന്നില്ല.
മരം മുറിച്ചു മാറ്റാൻ അടിയന്തിര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
