,
താമരശ്ശേരി : പുഴയോരത്തെ പടു വൃക്ഷം കടപുഴകി വീണ് നീരൊഴുക്കു തടസ്സപ്പെട്ടു.
പൂനൂർ പുഴയിൽ താമരശ്ശേരി ചോയിമഠം മൂടോട്ട് കടവ് ഭാഗത്താണ് പുഴക്ക് കുറുകെ കൂറ്റൻ മരം കടപുഴകി വീണത്.
വിവിധ സ്ഥലങ്ങളിൽ നിന്ന് ഒഴുകി വരുന്ന പ്ലാസ്റ്റിക് മാലിന്യവും, മറ്റ് മലിന്യങ്ങളും ഇവിടെ കുമിഞ്ഞുകൂടുന്നതു കാരണം പുഴയുടെ സ്വാഭാവിക ഒഴുക്ക് തന്നെ തടസ്സപ്പെട്ടിരിക്കുകയാണ്.
രണ്ടാഴ്ചയിൽ അധികമായിട്ടും ഇതുവരെ പുഴയിൽ നിന്നും മരം നീക്കം ചെയ്തിട്ടില്ല.
ശരീരത്തിൽ ചൊറിച്ചിൽ ഉണ്ടാക്കുന്ന ചേര് എന്ന നാമത്തിൽ അറിയപ്പെടുന്ന മരമാണ് പുഴയിൽ വീണ
കിടക്കുന്നത്. ഇതു മൂലം സമീപ പ്രദേശങ്ങളിലെ കടവുകളിൽ നിന്നും ആളുകൾക്ക് കുളിക്കാനോ അലക്കാനോ പറ്റാത്ത അവസ്ഥയാണ്.
കാലങ്ങളായി പുഴയുടെ വശങ്ങളിലുള്ള വൃക്ഷങ്ങളുടെ ശിഖരങ്ങൾ മുറിച്ചു മാറ്റാത്തതിനാൽ മഴക്കാലങ്ങളിൽ മരങ്ങൾ വീണ് പുഴ ഗതി മാറി ഒഴുകുന്നതു കാരണം കൃഷിനാശത്തിനും കാരണമാകുന്നുണ്ട്.
തൊഴിലുറപ്പ് പദ്ധതിയിൽ പെടുത്തിയെങ്കിലും പുഴയുടെ ഇരു വശങ്ങളിലുമുള്ള വൃക്ഷങ്ങളുടെ ശിഖരങ്ങൾ വെട്ടി നീരൊഴുക്കിന്റെ തടസ്സം നീക്കണമെന്നു പലതവണ നാട്ടുകാർ ആവശ്യപ്പെട്ടെങ്കിലും ഇതുവരെ പരിഹാരം ഉണ്ടായിട്ടില്ല.
പുഴയിലെ മരം നീക്കം ചെയ്യാനും, മറ്റു മരങ്ങളുടെ കൊമ്പുകൾ വെട്ടാനും ഇനിയെങ്കിലും നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
