Trending

കുരുന്നുകളുടെ ജീവനെടുത്തത് കക്കൂസ് ടാങ്കിനായി മണ്ണെടുത്ത കുഴി





താമരശ്ശേരി: താമരശ്ശേരി കോരങ്ങാട് വട്ടക്കൊരുവിൽ രണ്ടു കുരുന്നുകൾ മുങ്ങിമരിച്ചത് കക്കൂസ് ടാങ്ക് നിർമ്മാണത്തിനായി മണ്ണെടുത്ത കുഴിയിൽ, ഉറവ് കാരണം ഈ കുഴി ഉപേക്ഷിക്കുകയായിരുന്നു.അൽഫോൺ സ്കൂളിൻ്റെ ഏതാനും മീറ്ററുകൾ അകലെ കിഴക്കെ തൊടികയിൽ വെച്ചാണ് അപകടം.


കുട്ടികളുടെ വീട്ടിൽ നിന്നും ഏതാണ്ട് അര കിലോമീറ്ററിൽ അധികം ദുരത്ത് ഇവർ ട്യൂഷന് പോകുന്ന വീടിൻ്റെ സമീപത്തെ വെള്ളക്കെട്ടിലാണ് വട്ടക്കൊരു സ്വദേശി അബദുൽ ജലീലിൻ്റെ മക്കളായ മുഹമ്മദ് ഹാദി (13), മുഹമ്മദ് അഷിർ (7) എന്നിവർ മുങ്ങി മരിച്ചത്.



സാധാരണ നാലര മണിയോടെ ട്യൂഷന് എത്താറുള്ള കുട്ടികൾ ഇന്ന് 3.30 ഓടെ വീട്ടിൽ നിന്നും ഇറങ്ങിയിരുന്നതായാണ് പറയുന്നത്. ഈ വിവരം വീട്ടുകാർ ട്യൂഷൻ ടീച്ചറെ വിളിച്ച് അറിയിക്കുകയും ചെയ്തു. എന്നാൽ ആ സമയം ടീച്ചർ വീട്ടിൽ ഉണ്ടായിരുന്നില്ല, ടീച്ചറുടെ മകനാണ് വീട്ടിൽ ഉണ്ടായിരുന്നത്. ടീച്ചർ മകനെ വിളിച്ച് കുട്ടികൾ വരുന്ന വിവരം അറിയിച്ചു, അൽപ സമയത്തിന് ശേഷം ടീച്ചറും സ്ഥലത്തെത്തി. ഏറെ നേരം കഴിഞ്ഞിട്ടും കുട്ടികൾ എത്താത്തതിനാൽ വീട്ടുകാരെ വിളിച്ച് വിവരമറിയിച്ചു.ഇതോടെ നാട്ടുകാരും, വീട്ടുകാരും തിരച്ചിൽ ആരംഭിച്ചു.

ടീച്ചറുടെ വീടിൻ്റെ സമീപങ്ങളിൽ ടീച്ചറുടെ മകനും തിരഞ്ഞു.ഈ സമയത്താണ് ടീച്ചറുടെ വീടിൻ്റെ 20 മീറ്ററോളം അകലെ താഴെ ഭാഗത്തുള്ള വെള്ളം നിറഞ്ഞ കുഴിയുടെ കരയിൽ കുട്ടികളുടെ ചെരിപ്പും, പുസ്തകങ്ങളും കണ്ടെത്തിയത്. ഉടനെ ആളുകൾ എത്തി കുട്ടികളെ മുങ്ങിയെടുത്ത് താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ എത്തിച്ചു.

ഒരാൾ സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെട്ടിരുന്നു, മുഹമ്മദ് ആദി മെഡിക്കൽ കോളേജിലേക്കുള്ള യാത്ര മദ്ധ്യേയാണ് മരിച്ചത്. വൈകീട്ട് 6 മണിയോടെയാണ് സംഭവം.
മരണപ്പെട്ട കുട്ടികളെ കൂടാതെ മറ്റു രണ്ടു കുട്ടികൾ കൂടി ട്യൂഷന് വരാറുണ്ടായിരുന്നു. കുട്ടികൾ എത്തിയ സമയത്ത് അവരും ഇല്ലായിരുന്നു.

Post a Comment

Previous Post Next Post