Trending

മുൻകൂറായി പണമടയ്ക്കാതെ സർവീസ് നടത്തില്ലെന്ന് ആംബുലൻസ് ഡ്രൈവർ, ചികിത്സ വൈകി രോഗി മരിച്ചതായി പരാതി





കൊച്ചി: ആംബുലൻസ് സർവീസ് നടത്താൻ വൈകിയത് രോഗിയുടെ മരണത്തിൽ കലാശിച്ചതായി പരാതി. പനി ബാധിച്ച് അവശനിലയിൽ ആശുപത്രിമാറ്റത്തിന് ശ്രമിക്കവേ വടക്കൻ പറവൂർ സ്വദേശി അസ്മയാണ് മരിച്ചത്. മുഴുവൻ പണവും നൽകാതെ ആംബുലൻസ് സർവീസ് നടത്തില്ലെന്ന് ഡ്രൈവർ നിർബന്ധം പിടിച്ചത് മൂലം കൃത്യസമയത്ത് ചികിത്സ ലഭിക്കാതെയാണ് അസ്മ മരിച്ചെതന്നാണ് ബന്ധുക്കളുടെ പരാതി.


പനി കലശലായതിനാൽ അസ്മയെ താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആരോഗ്യനില വഷളായതോടെ എറണാകുളം ജനറൽ ആശുപത്രിയിലേയ്ക്ക് മാറ്റാൻ തീരുമാനിച്ചു. ഇതിനായി കെഎൽ 01 ബിഎ 5584 എന്ന നമ്പറിലുള്ള ആംബുലൻസിനെ സമീപിച്ചതോടെയായിരുന്നു സംഭവങ്ങളുടെ തുടക്കം. 


രോഗിയെ ആംബുലൻസിൽ കയറ്റിയ ശേഷം ഡ്രൈവർ 900 രൂപ ആവശ്യപ്പെട്ടതായാണ് ബന്ധുക്കൾ അറിയിക്കുന്നത്.


 എന്നാൽ 700 രൂപ മാത്രമേ കൈവശമുള്ളു എന്ന് പറഞ്ഞതോടെ ആംബുലൻസിന്റെ സേവനം ലഭ്യമാകില്ലെന്ന് ഡ്രൈവർ അറിയിച്ചു. ബാക്കി തുക ബൈക്ക് മാർഗം എത്തിച്ച്നൽകാമെന്ന് അറിയിച്ചിട്ടും ‌ ‌ ഡ്രൈവർ വഴങ്ങാൻ കൂട്ടാക്കിയില്ല എന്നാണ് ബന്ധുക്കളുടെ ആരോപണം.

 ഒടുവിൽ ബാക്കി പണമെത്തിച്ച് ആംബുലൻസ് ജനറൽ ആശുപത്രിയിലേയ്ക്ക് തിരിച്ചപ്പോഴേയ്ക്കും അരമണിക്കൂർ കഴിഞ്ഞു. ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും രോഗി മരിച്ചു. പിന്നാലെയാണ് ഡ്രൈവറുടെ അനാസ്ഥ മൂലമാണ് രോഗി സമയത്ത് ചികിത്സ കിട്ടാതെ മരിച്ചതെന്ന് ബന്ധുക്കൾ പരാതിയുയർത്തിയത്.

Post a Comment

Previous Post Next Post