കോഴിക്കോട്: മുട്ടിൽ മരംമുറിക്കേസിൽ പുതിയ വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് വനം മന്ത്രി എ.കെ ശശീന്ദ്രൻ. നഷ്ടപ്പെട്ടത് സർക്കാരിന്റെ മുതലാണെന്നും മരം മുറിച്ചത് എവിടെനിന്നാണെന്ന കാര്യത്തിൽ തർക്കമില്ലെന്നും മന്ത്രി വ്യക്തമാക്കി. പട്ടയ ഭൂമിയിൽനിന്നാണ് മരം മുറിച്ചതെന്നും എത്ര ഉന്നതരാണെങ്കിലും പ്രതികൾ രക്ഷപ്പെടില്ലെന്നും ശശീന്ദ്രൻ പറഞ്ഞു.
റവന്യു വകുപ്പ് ഉത്തരവ് ദുർവ്യാഖ്യാനം ചെയ്താണ് പ്രതികൾ മരം മുറിച്ചതെന്നതിനു കൂടുതൽ തെളിവുകൾ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. പ്രതികൾ രക്ഷപ്പെടാനുള്ള പഴുതുകൾ നോക്കും. ശക്തമായ അന്വേഷണം നടക്കുന്നുണ്ട്. എത്ര പ്രഗത്ഭരായാലും കുറ്റവാളികൾ രക്ഷപ്പെടില്ലെന്നും കുറ്റക്കാർക്ക് തക്കതായ ശിക്ഷ ലഭിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
മരം മുറിച്ചത് പട്ടയ ഭൂമിയിൽനിന്നാണെന്നത് സർക്കാരിന്റെ നേരത്തെ തന്നെയുള്ള നിലപാടാണ്. വനഭൂമിയാണെന്ന് നേരത്തെ പറഞ്ഞത് ചില മാധ്യമങ്ങളാണ്. സർക്കാരിനാണ് നഷ്ടമുണ്ടായത്. സർക്കാരിന്റെ സംരക്ഷണത്തിലാണ് മരം ഉണ്ടായിരുന്നത്. വലിയ കുറ്റമായതുകൊണ്ടാണ് കേസുമായി മുന്നോട്ടുപോയത്. സംഭവത്തിൽ ഫലപ്രദമായ അന്വേഷണം നടക്കുന്നുണ്ടെന്നും കുറ്റക്കാർക്ക് തക്കതായ ശിക്ഷ നൽകുമെന്നും മന്ത്രി അറിയിച്ചു.
കേസിലെ പ്രതിപ്പട്ടികയിൽ സാധാരണ കർഷകരുമുണ്ട്. അവരെയെല്ലാം ജയിലിലടക്കണമെന്ന താൽപര്യം സർക്കാരിനില്ല. കേസിലെ പ്രതികൾ തന്നെ വന്നു കണ്ടിട്ടില്ലെന്നും എ.കെ ശശീന്ദ്രൻ പറഞ്ഞു.
