ക്രമക്കേട് നടക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് 2019ൽ താമരശ്ശേരി താലൂക്ക് ഓഫീസ്, കൊടുവള്ളി വില്ലേജ് ഓഫീസ്, കരുവാംപോയിൽ പി.ഡബ്ല്യു.ഡി റോഡ് എന്നീ സ്ഥലങ്ങളിൽ മിന്നൽ പരിശോധന നടത്തിയത്.
ഈ പരിശോധന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കൊടുവള്ളി വില്ലേജിൽ കരുവാംപോയിൽ ദേശത്തിന്റെ 11ാം ഫീൽഡ് നമ്പർ ഉൾപ്പെടെ താമരശ്ശേരി-കാരാടി- വരട്ട്യാക്കൽ പി.ഡബ്ല്യു.ഡി റോഡിലെ അനധികൃത കൈയേറ്റങ്ങൾ ഒഴിവാക്കിയതായി കണ്ടെത്തി. ജില്ലാ സർവേ സൂപ്രണ്ടിന്റെ സാന്നിധ്യത്തിൽ, നഷ്ടപ്പെട്ട അതിർത്തിക്കല്ലുകൾ യഥാസ്ഥാനത്ത് സ്ഥാപിക്കുവാനും അങ്ങനെ സർക്കാർ ഭൂമി തിരികെ പിടിക്കാനും നിർദേശിച്ചു.
ഈ റോഡിന്റെ സർവേ വിശദമായി പരിശോധിച്ച് അത് കൃത്യമായി നടത്താതിരുന്ന താമരശ്ശേരി താലൂക്ക് ഓഫീസിലെ സർവേയർമാരായ കെ. റിജിലേഷ് ടി.കെ ബാബുരാജ് എന്നിവർക്കെതിരെ വകുപ്പുതല അച്ചടക്ക നടപടി സ്വീകരിക്കാൻ 2019 ൽ വിജിലൻസ് ഡയറക്ടർ ശിപാർശ ചെയ്തിരുന്നു. അച്ചടക്ക നടപടിയെ തുടർന്ന് കുറ്റാരോപിതരായയ ഉദ്യോഗസ്ഥർ ആരോപണങ്ങളെല്ലാം നിഷേധിച്ചതിനാൽ ഔപചാരിക അന്വേഷണത്തിന് കോഴിക്കോട് അസി. ഡയറക്ടറെ ചുമതലപ്പെടുത്തി.
സർവേയർമാരായ റിജിലേഷ്, ബാബുരാജ് എന്നിവരെ നേരിൽ കേട്ടു. അന്വേഷണത്തിൽ സർവേ അതിരടയാള ചട്ടം പാലിക്കുന്നതിൽ ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് കണ്ടെത്തി. പബ്ലിക് സർവീസ് കമീഷനും സർക്കാർ തീരുമാനത്തെ അംഗീകരിച്ചു. താമരശ്ശേരി -കാരാടി -വരട്ട്യാൽ പി.ഡബ്ല്യു.ഡി റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ട് റോഡ് പുറമ്പോക്ക് നിർണയത്തിലെ ക്രമക്കേടിന് ഉത്തരവാദികളായ വിരമിച്ച സർവേയർ ടി.കെ ബാബുരാജുവിനും സർവേയർ കെ. റിജിലേഷിനും എതിരായ അച്ചടക്ക നടപടി തീർപ്പാക്കിയാണ് ഉത്തരവ്.
