Trending

ഒപ്പം താമസിച്ചിരുന്ന യുവതിയെ യുവാവ് വീട്ടില്‍ക്കയറി വെട്ടിക്കൊന്നു





ഒപ്പംകഴിഞ്ഞിരുന്ന യുവതിയെ അവരുടെ വീട്ടില്‍ക്കയറി യുവാവ് വാളുകൊണ്ട് വെട്ടിക്കൊന്നു. പത്തനംതിട്ട കീക്കൊഴൂര്‍ പുള്ളിക്കാട്ടില്‍പ്പടി മലര്‍വാടി ഓര്‍ത്തഡോക്സ് പള്ളിക്കുസമീപം ഇരട്ടപ്പനയ്ക്കല്‍ രഞ്ജിത (27) ആണ് മരിച്ചത്. രജിതയ്ക്കൊപ്പം കഴിഞ്ഞിരുന്ന റാന്നി ബ്ലോക്കുപടി വടക്കേടത്ത് അതുല്‍ സത്യനാണ് ആക്രമണം നടത്തിയത്.

സംഭവ ശേഷം ഇവിടെ നിന്നു ഓടിപ്പോയ അതുല്‍ ഒളിവിലാണ്. വാളുമായി അതുല്‍ രഞ്ജിതയുടെ വീട്ടിലേക്ക് ഓടിക്കയറുകയായിരുന്നു. പിന്നാലെ യുവതിയെ വെട്ടി വീഴ്ത്തി. യുവതിയുടെ തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റത്. ആക്രമണം തടയാൻ ശ്രമിക്കുന്നതിനിടെ രഞ്ജിതയുടെ അച്ഛനും, അമ്മയ്ക്കും സഹോദരിക്കും വെട്ടേറ്റു. അച്ഛന്റെ നില ഗുരുതരമാണ്. മൂവരേയും റാന്നി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുവരും നിയമപരമായി വിവാഹിതരല്ല. കുറച്ചു നാളായി ഇരുവരും പിണക്കത്തിലായിരുന്നതിനാല്‍ രഞ്ജിത അവരുടെ വീട്ടിലായിരുന്നു താമസം. ആക്രമണം നടക്കുമ്പോൾ ഇവരുടെ മക്കളായ ഭദ്രി (4), ദര്‍ശിത് (2) എന്നിവര്‍ വീട്ടിലുണ്ടായിരുന്നു. ബഹളം കേട്ട് സ്ഥലത്തെത്തിയവര്‍ കുട്ടികളെ ഇവിടെ നിന്നു മാറ്റിയതിനാല്‍ അവര്‍ രക്ഷപ്പെട്ടു.

ശനിയാഴ്ച രഞ്ജിത അതുലിനെതിരെ റാന്നി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഇതിന്റെ വൈരാഗ്യമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നു പോലീസ് പറയുന്നു. കാപ്പാ കേസില്‍ ഉള്‍പ്പെട്ട അതുല്‍ കൊലപാതകം, കഞ്ചാവ് കടത്ത് കേസുകളിലും പ്രതിയാണ്.

Post a Comment

Previous Post Next Post